Connect with us

Eranakulam

കുടുംബശ്രീ കോ ഓര്‍ഡിനേറ്റര്‍ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; യുവതി ഒളിവില്‍

Published

|

Last Updated

പെരുമ്പാവൂര്‍: കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ചമഞ്ഞ് നൂറുകണക്കിന് ആളുകളില്‍ നിന്നായി മൂന്നര കോടിയോളം രൂപ തട്ടിയെടുത്ത പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.
വായ്പ ശരിയാക്കി നല്‍കാമെന്നും കമ്മീഷനായി നിശ്ചിത തുക നല്‍കണമെന്നും പറഞ്ഞാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. പെരുമ്പാവൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം പാറക്കണ്ടത്തില്‍ കുട്ടപ്പന്റെ മകള്‍ സിമിയെ (32)ആണ് പോലീസ് തിരയുന്നത്.
അതിനിടെ യുവതിയുടെ തട്ടിപ്പിന് കൂട്ടുനിന്ന ഡി വൈ എഫ് ഐ ഭാരവാഹിക്കെതിരെയും പോലീസില്‍ പരാതിപ്പെട്ടവര്‍ നേതാവിന്റെ തട്ടിപ്പ് ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി പി എം ഏരിയാ കമ്മിറ്റിക്കും പരാതി നല്‍കി. തട്ടിപ്പ് നടത്തിയ യുവതി വാങ്ങിയ കാര്‍ ഡി വൈ എഫ് ഐ നേതാവിന്റെ പേരിലേക്ക് എട്ട് മാസം മുമ്പ് മാറ്റിയതാണ് തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടോ എന്ന് സംശയത്തിന് ഇടയാക്കിയത്. പോലീസ് കഴിഞ്ഞ ദിവസം സിമിയുടെ വീട്ടില്‍ എത്തിയപ്പോഴേക്കും പിന്‍വശത്തെ വാതിലിലൂടെ യുവതി രക്ഷപ്പെടുകയായിരുന്നു.
ലോക ബേങ്കിന്റെ പണം പാഴാകാതിരിക്കാന്‍ കുടുംബശ്രീക്ക് കൈമാറിയിരിക്കുകയാണെന്നും ഇത് ആലുവ കേന്ദ്രമായി പ്രവര്‍ത്തിച്ച് സൊസൈറ്റി വഴി വായ്പയായി നല്‍കുകയാണെന്നും ധരിപ്പിച്ചാണ് യുവതി തുകകള്‍ തട്ടിയെടുത്തത്. വായ്പ ശരിയാക്കുന്നതിന് ഒരു ലക്ഷത്തിന് അയ്യായിരം രൂപ വീതം കമ്മീഷന്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
ഖാദി, വനിതാ വ്യവസായ സംരംഭകന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റി വഴി വായ്പ നല്‍കാമെന്നാണ് ധരിപ്പിച്ചത്.
ഒളിവില്‍ പോയതിനു ശേഷം യുവതി പലരെയും വിളിച്ച് തുക ഉടന്‍തന്നെ തിരികെ നല്‍കാമെന്നും പോലീസില്‍ പരാതിപ്പെടരുതെന്നും ആവശ്യപ്പെട്ടതായി പറയുന്നുണ്ട്.