Connect with us

International

അഫ്ഗാന്‍ യുദ്ധത്തില്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ഇന്ത്യക്കു മേല്‍ കെട്ടിവെക്കാന്‍ യു എസ് നീക്കം

Published

|

Last Updated

വാഷിംഗടണ്‍: അഫ്ഗാനില്‍ നിന്ന് അമേരിക്ക സേനാ പിന്മാറ്റം നടത്തുന്നതോടെ ബാക്കിയാകുന്ന യുദ്ധോപകരണങ്ങള്‍ ഇന്ത്യക്കും ഉസ്‌ബെകിസ്ഥാനും വില്‍ക്കാന്‍ അമേരിക്കന്‍ നീക്കം. സെനറ്റിലെ മുതിര്‍ന്ന അംഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്യണ്‍കണക്കിന് ഡോളര്‍ മുടക്കിയാണ് അമേരിക്ക അഫ്ഗാന്‍ യുദ്ധത്തിന് വേണ്ടി ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിയത്. അടുത്ത വര്‍ഷം സേനാ പിന്മാറ്റം നടത്തുന്നതോടെ ഇവയെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയാണ് അമേരിക്കക്ക്. യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ കോണ്‍ട്രാക്ട് നല്‍കാന്‍ അമേരിക്ക നീക്കം നടത്തുന്ന വാര്‍ത്ത നേരത്തെ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നല്ല സൈനിക ഉപകരണങ്ങള്‍ ആക്രിവിലക്ക് വില്‍ക്കരുതെന്നും അവക്ക് നല്ല ഉപഭോക്താക്കളെ കണ്ടെത്തണമെന്നും ന്യൂയോര്‍ക്കിലെ സെനറ്റംഗം ഡാന റോഹബക്കര്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇവ നല്ല ഉപകരണങ്ങളാണെന്നും ഇന്ത്യക്കും ഉസ്‌ബെകിസ്ഥാനും സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. സെക്കന്‍ഡ് ഹാന്‍ഡ് വിലക്ക് ഇത്തരം നല്ല ഉപകരണങ്ങള്‍ ലഭക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ലാഭമാണെന്നും അദ്ദേഹം പറയുന്നു. 2014 ന് ശേഷം അമേരിക്കന്‍ ജനതക്ക് കൂടുതല്‍ സൗകര്യങ്ങളും ജനോപകാരപ്രദമായ പദ്ധതികളും നടപ്പിലാക്കാനാണ് അധിനിവേശം അമേരിക്ക അവസാനിപ്പിക്കുന്നത്. ഇസ്‌ലാം വിരുദ്ധമാണ് അമേരിക്കയുടെ അധിനിവേശത്തിന് പിന്നിലെന്ന ചീത്തപ്പേര് 2014 ല്‍ സേനാ പിന്മാറ്റത്തോടെ മാറുമെന്നാണ് കണക്ക് കൂട്ടല്‍. യുദ്ധോപകരണങ്ങള്‍ വെറുതെ കളയുന്നത് അമേരിക്കക്കാരുടെ നികുതിപ്പണം വെറുതെ നശിപ്പിക്കുയെന്ന പ്രചാരമുണ്ടാക്കുമെന്നതിനാലാണ് ഇവ കുറഞ്ഞ വിലക്കാണെങ്കിലും വില്‍ക്കാനുള്ള ശ്രമത്തിന് പിന്നില്‍. ഉപയോഗിച്ച യുദ്ധോപകരണങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണ് ലക്ഷ്യം.
ഇസ്‌ലാമിക ഭീരതക്കെതിരെ തുടര്‍ന്നും പോരാടണമെന്നും ജോണ്‍ കെറിക്ക് നല്‍കിയ കത്തില്‍ സെനറ്റംഗം ആവശ്യപ്പെടുന്നുണ്ട്. സേനാ പിന്മാറ്റത്തോടെ അമേരിക്ക കൂടുതല്‍ ഇസ്‌ലാമിക ഭീകരഭീഷണി നേരിടേണ്ടിവരുമെന്നും അദ്ദേഹം ഭയപ്പെടുന്നു. തീവ്രവാദത്തിനെതിരെ വിവിധ രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പാതി വഴിയില്‍ ശ്രമം ഉപേക്ഷിക്കുന്നത് ലജ്ജാകരമാണെന്നും യൂറോപ്, യൂറേഷ്യ എമര്‍ജിംഗ് ട്രീറ്റ്‌സ് എന്ന വിദേശകാര്യ മന്ത്രാലയം ഉപസമിതിയുടെ ചെയര്‍മാന്‍ കൂടിയായ റോഹ്‌റബക്കര്‍ പറയുന്നു.
സേനാ പിന്മാറ്റത്തെ കടുത്ത ഭാഷയിലാണ് സെനറ്റംഗം കത്തില്‍ വിമര്‍ശിക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ ഉത്തരവാദിത്തമില്ലായ്മ എന്ന സന്ദേശമാണ് ജനങ്ങള്‍ക്കിടയില്‍ നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സേനാ പിന്മാറ്റം നടത്തുന്നതോടെ ബാക്കിയാകുന്ന യുദ്ധോപകരണങ്ങള്‍ അമേരിക്കയിലെത്തിക്കുന്നത് വലിയ സാമ്പത്തിക ചെലവുണ്ടാക്കുന്നതിനാല്‍ അവ നശിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 170 ദശലക്ഷം പൗണ്ട് വരുന്ന വാഹനങ്ങളും സൈനിക ഉപകരണങ്ങളുമാണുള്ളത്.

Latest