Connect with us

Wayanad

സാമൂഹികസേവന മേഖലയിലേക്ക് ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്മ

Published

|

Last Updated

കല്‍പ്പറ്റ: സാമൂഹ്യ സേവനരംഗത്ത് പുതിയ കാല്‍വെയ്പ്പായി ഡ്രൈവര്‍മാരുടെ കൂട്ടായ്മ രൂപീകരിക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 105 ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ കൂട്ടായ്മയാണ് സേവനത്തിന്റെ നൂതന മേഖലയിലേക്ക് പ്രവേശിക്കുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ കെ ജി രാജു അധ്യക്ഷത വഹിക്കും. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ ഏതുസമയത്തും വളരെയെളുപ്പത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്മക്ക് തുടക്കം കുറി ച്ചതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പോലീസ് ചീഫ് എ വി ജോര്‍ജ്, ആര്‍ ടി ഒ എം പി അജിത്കുമാര്‍ എന്നിവര്‍ അറിയിച്ചു.
കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിന്ന് 15 പേര്‍ വീതവും മറ്റ് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിന്ന് അഞ്ച് പേര്‍ വീതവും അടങ്ങുന്ന ഡ്രൈവര്‍മാരാണ് തുടക്കത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. ഇവര്‍ക്ക് റോഡ്‌സുരക്ഷ, പ്രഥമ ശുശ്രൂഷ, അത്യാഹിത പരിചരണം, മദ്യം,മയക്കുമരുന്ന് എന്നിവയുടെ ദോഷഫലങ്ങള്‍, ലളിതമായ ട്രാഫിക് നിയന്ത്രണ രീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഓരോ മാസവും രണ്ട് തവണ പരിശീലനം നല്‍കും. പരിശീലനം സിദ്ധിച്ചവര്‍ സൗജന്യമായി തങ്ങളുടെ സേവനം വിനിയോഗിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഉദ്യമം വിജയിക്കുകയാണെങ്കില്‍ സാമൂഹ്യസേവന രംഗത്ത് വിലമതിക്കാനാകാത്ത സംഭാവന നല്‍കാന്‍ ഈ കൂട്ടായ്മയിലൂടെ സാധിക്കുമെന്നും ഈ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. ഡ്രൈവര്‍മാര്‍ക്കിടയില്‍ സാമൂഹ്യ പ്രതിബദ്ധതയും ത്യാഗമനോഭാവവും വളര്‍ത്തിയെടുക്കുകയും അപകടരഹിതമായ ഡ്രൈവിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആര്‍ ടി ഒ അറിയിച്ചു.

Latest