Connect with us

Ongoing News

ഫ്രഞ്ച് ഓപ്പണ്‍ നദാല്‍ ഫൈനലില്‍

Published

|

Last Updated

പാരീസ്: നാല് മണിക്കൂറും 37 മിനുട്ടും നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി നിലവിലെ ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചു. അഞ്ച് സെറ്റ് നീണ്ട ക്ലാസിക് പോരാട്ടത്തില്‍ 6- 4, 3- 6, 6- 1, 6- 7 (3/7), 9- 7 സ്‌കോറിനാണ് നദാലിന്റെ വിജയം. എട്ടാം ഫ്രഞ്ച് ഓപണ്‍ കലാശപ്പോരിലേക്കാണ് സ്പാനിഷ് താരം കടന്നത്. അവസാന സെറ്റില്‍ 4-2ന് പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് ടൈബ്രേക്കറിലാണ് സെറ്റും അവസാന വിജയവും സ്വന്തം പേരിലാക്കിയത്. നാടകീയതയും തുല്ല്യ കരുത്തുമാണ് ഇരുവരും കളത്തില്‍ പുറത്തെടുത്തത്. ആദ്യ സെറ്റ് നദാല്‍ നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ ജോക്കോവിച്ചിനായിരുന്നു. മൂന്നാം സെറ്റ് ക്ഷണത്തില്‍ സ്പാനിഷ് താരം സ്വന്തമാക്കി. എന്നാല്‍ നാലാം സെറ്റില്‍ ജോക്കോ തിരിച്ചടിച്ചു. അഞ്ചാം സെറ്റ് ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 7-7 എന്ന നിലയില്‍ തുല്ല്യത പാലിച്ചു. മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. എന്നാല്‍ തുടര്‍ച്ചയായ രണ്ട് മാച്ച് പോയിന്റുകള്‍ നേടി നദാല്‍ കളിമണ്ണിലെ തന്റെ അജയ്യത ഒരിക്കല്‍ കൂടി ഉറപ്പാക്കുകയായിരുന്നു.
പാരീസിലെ കളിമണ്‍ പ്രതലത്തില്‍ 59ാം മത്സരത്തിനിറങ്ങിയ നദാല്‍ 58ാം വിജയവുമായാണ് തിരികെ കയറിയത്. കരിയറില്‍ 35ാം തവണയാണ് ജോക്കോക്കെതിരെ നദാലിറങ്ങിയത്. 20 വിജയങ്ങള്‍ നദാലിനൊപ്പം നിന്നു. കളിമണ്‍ പ്രതലത്തില്‍ 13 തവണയും നദാലിനായിരുന്നു ആധിപത്യം. 2005, 2006, 2007, 2008 വര്‍ഷങ്ങളില്‍ ഇവിടെ കിരീടം നേടിയ നദാല്‍ 2009ല്‍ മാത്രം റോജര്‍ ഫെഡറര്‍ക്ക് വഴിമാറി. 2010, 2011, 2012 വര്‍ഷങ്ങളില്‍ വീണ്ടും കുതിപ്പ് തുടര്‍ന്ന നദാല്‍ ഇത്തവണ എട്ടാം കിരീട നേട്ടമെന്ന ചരിത്രത്തിന് തൊട്ടു മുന്നിലാണ് എത്തി നില്‍ക്കുന്നത്.

Latest