Connect with us

Kerala

അട്ടപ്പാടിക്ക് 112 കോടിയുടെ സമഗ്ര കേന്ദ്ര പാക്കേജ്‌

Published

|

Last Updated

പാലക്കാട്:അട്ടപ്പാടിക്കായി ഝാര്‍ഖണ്ഡ് മോഡല്‍ സമഗ്ര ആരോഗ്യ പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ്. ഭൂമിയും വീടും ഭക്ഷണവും ചികിത്സയും സാമൂഹിക സുരക്ഷയും എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും പദ്ധതിയില്‍ ഉണ്ടാകും. ഇതു സംബന്ധിച്ച് പദ്ധതി റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. അട്ടപ്പാടിയില്‍ നിന്ന് 500 യുവജനങ്ങളെ തിരഞ്ഞെടുത്ത് ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജോലി ഉറപ്പാക്കുന്ന പ്രത്യേക പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. ഇപ്രകാരം തിരഞ്ഞെടുക്കുന്നവരില്‍ 50 ശതമാനം പേര്‍ പെണ്‍കുട്ടികളായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
പാക്കേജിന്റെ ഭാഗമായി അഞ്ച് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കാന്‍ അട്ടപ്പാടിയില്‍ പ്രത്യേക കര്‍മസേന രൂപവത്കരിക്കും. ഇതിന്റെ നോഡല്‍ ഓഫീസറായി കെ വിജയാനന്ദിനെ നിയമിക്കും. പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിന് രണ്ട് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തും.
കുടുംബശ്രീ അട്ടപ്പാടി മേഖലയില്‍ വിപുലീകരിക്കാനായി 50 കോടി രൂപ അനുവദിക്കും. ഈ പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പില്‍വരുത്തും. കുടുംബശ്രീ പ്രവര്‍ത്തകരോട് പ്രദേശത്തെ മദ്യവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മഹിളാ കിസാന്‍ സുശക്തികിരണ്‍ പര്യോജന (എം കെ എസ് പി) പ്രത്യേക കാര്‍ഷിക പദ്ധതി നടപ്പിലാക്കും. ഇത് കുടുംബശ്രീ വഴി നടപ്പിലാക്കി വനിതകള്‍ക്ക് വരുമാനമാര്‍ഗം ഉറപ്പാക്കും. മൂന്ന് വര്‍ഷത്തെ പദ്ധതിയാണിത്. സ്വന്തമായി ഭൂമിയും ജലസേചന സൗകര്യവുമുള്ള ആദിവാസി കര്‍ഷകരെ മഹാത്മാഗാന്ധി നരേഗ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിന് അര്‍ഹരായ ആദിവാസി കര്‍ഷകരെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അദ്ദേഹം നിര്‍ദേശം നല്‍കി.
മൂന്ന് ഊരുകളില്‍ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി (എന്‍ ആര്‍ എച്ച് എം)യിലൂടെ പ്രത്യേക ആരോഗ്യ അടിസ്ഥാനസൗകര്യ പദ്ധതി നടപ്പിലാക്കാന്‍ 15 കോടി അനുവദിക്കും. ഇത് അഞ്ച് വര്‍ഷം കൊണ്ട് പ്രാബല്യത്തില്‍ വരും. അട്ടപ്പാടിയില്‍ മൂന്ന് പഞ്ചായത്തുകളിലായി 27 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രയോജനപ്പെടുത്തും. അഗളി പുതൂര്‍ ഷോളയൂര്‍ പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് 30 കോടി ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് കേന്ദ്ര സഹായം നല്‍കും.

 

Latest