Connect with us

Kerala

പരസ്യമായ വിവാദങ്ങള്‍ക്ക് താനില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരസ്യമായ വിവാദങ്ങള്‍ക്ക് താനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരസ്യവിവാദം എല്ലാവരും ഒഴിവാക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ ഒരാളും അപമാനിക്കപ്പെടുന്നതിന് കൂട്ടുനില്‍ക്കില്ല. തനിക്കെതിരെ ചെന്നിത്തല അഭിമുഖം നല്‍കിയതായി വിശ്വസിക്കുന്നില്ല. മന്ത്രിസഭയിലേക്ക് രമേശ് വരുന്നതില്‍ മുന്‍ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. രമേശ് ചെന്നിത്തലയുമായി എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തേക്കാള്‍ വലുതാണ് കെ പി സി സി പ്രസിഡന്റ് പദവിയെന്ന് താങ്കള്‍ പറഞ്ഞതനുസരിച്ച് താങ്കള്‍ക്ക് കെ പി സി സി പ്രസിഡന്റ് പദവി നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പാര്‍ട്ടി പറയുന്നതെന്താണോ അത് സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രമേശിന് ആഭ്യന്തര വകുപ്പ് നല്‍കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അത് പരസ്യമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പുനപ്രവേശനത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെ എല്ലാവരുമായും ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Latest