Connect with us

Kerala

കേരളത്തില്‍ ജൂണ്‍ ആദ്യവാരം മഴയെത്തിയേക്കും

Published

|

Last Updated

കണ്ണൂര്‍: കനത്ത ചൂടിനും കൊടും വരള്‍ച്ചക്കും വിരാമമിട്ട് കേരളത്തില്‍ ജൂണ്‍ ആദ്യവാരത്തോടെ മഴയെത്തുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുള്ളതും തെക്കേ അന്തമാന്‍ ദ്വീപില്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ തുടങ്ങാന്‍ സാധ്യതയുള്ളതുമാണ് കേരളത്തില്‍ അടുത്ത മാസമാദ്യം മഴയെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ കാലാവസ്ഥാ പഠന വിദഗ്ധരെയെത്തിച്ചത്.

സാധാരണയായി മെയ് പകുതിയാകാറാകുമ്പോഴേക്കും മണ്‍സൂണ്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള ഇടമഴ ശക്തമാകാറുണ്ട്. ഉച്ചക്ക് ശേഷം ആകാശം പൂര്‍ണമായും മേഘാവൃതമാകുകയും കനത്ത ഇടിമിന്നലോടെ മഴ പെയ്യുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍, ഇത്തവണ മേഘം രൂപപ്പെടുന്നുണ്ടെങ്കിലും കാറ്റിന്റെ ഗതി മാറിയതിനാല്‍ കാര്യമായി പെയ്യാതെ പോകുകയാണ്. അന്തരീക്ഷത്തില്‍ മൂന്ന് കിലോമീറ്റര്‍ ഉയരത്തില്‍ വായുപ്രവാഹത്തിനുള്ള വലിയ വ്യത്യാസവും മഴയുടെ ഗതി മാറ്റിമറിക്കുകയാണ്. എന്നാല്‍, ശക്തമല്ലെങ്കിലും തെക്കന്‍ ജില്ലകളില്‍ പലയിടത്തും തുടര്‍ച്ചയായി ഇടമഴ പെയ്യുന്നുമുണ്ട്. ഈയൊരു സാഹചര്യമെല്ലാം കണക്കാക്കുമ്പോള്‍ ജൂണ്‍ ആദ്യവാരമെങ്കിലും സംസ്ഥാനത്ത് മഴയെത്തിയേക്കുമെന്നാണ് കരുതുന്നതെന്ന് കാലാവസ്ഥാ ശാസ്ത്ര വിഭാഗം വ്യക്തമാക്കി.
സാധാരണയായി ഈ കാലയളവില്‍ ന്യൂനമര്‍ദം രൂപപ്പെടാറുണ്ടെന്ന് കണ്ണൂര്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ പഠനവിഭാഗം മുന്‍ മേധാവി ഡോ. എം കെ സതീഷ് കുമാര്‍ പറഞ്ഞു. ജൂണ്‍ ആദ്യ വാരം തന്നെ മഴയെത്തിയാല്‍ ആദ്യഘട്ടം അത് എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന കാര്യം പഠനവിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനമാണ് ഇക്കുറി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ മണ്‍സൂണ്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നത് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്നലെയും സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ സാമാന്യം നല്ല തോതില്‍ മഴ ലഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെക്കന്‍ മേഖലയിലെ പലയിടങ്ങളിലും മഴ ലഭിക്കുന്നുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പുനലൂരിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ഏഴ് സെ. മീ മഴ രേഖപ്പെടുത്തി. തൊടുപുഴ (നാല് സെ.മീ), കോന്നി (മൂന്ന് സെ. മീ), ഹരിപ്പാട്, ചേര്‍ത്തല (ആറ് സെ. മീ), ആലപ്പുഴ, മാങ്കൊമ്പ്, കോട്ടയം (ഒരു സെ.മീ) എന്നിവിടങ്ങളിലും വേനല്‍ മഴ ലഭ്യമായി.

---- facebook comment plugin here -----

Latest