Connect with us

Editors Pick

വരള്‍ച്ച; വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യജീവി സംഘര്‍ഷത്തിന് സാധ്യത

Published

|

Last Updated

കണ്ണൂര്‍: മുമ്പില്ലാത്തവിധം വനഭാഗങ്ങളില്‍ വരള്‍ച്ച രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യജീവി സംഘര്‍ഷത്തിന് സാധ്യത. മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളിലെ വനപ്രദേശങ്ങളോട് ചേര്‍ന്ന ഗ്രാമങ്ങളിലാണ് വന്യജീവി സംഘര്‍ഷം രൂക്ഷമാകാനിടയുണ്ടെന്ന് കണ്ടെത്തിയത്. മുന്‍ വര്‍ഷങ്ങളിലെ കാലാവസ്ഥയും കാടിനുള്ളിലെ ജലശോഷണവും മൃഗങ്ങളുടെ കാടിറങ്ങല്‍ രീതിയും അവലംബിച്ച് കേരള വനഗവേഷണ കേന്ദ്രത്തിലെ വന്യജീവി വിഭാഗം നടത്തിയ ഗവേഷണങ്ങളിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായിട്ടുള്ളത്. ആദ്യമായാണ് ഇത്തരത്തിലൊരു സംഭവവികാസമുണ്ടാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഈയൊരു സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കുന്നതിനുള്ള നടപടികള്‍ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര ഗ്രാമങ്ങളിലാണ് ഇത്തരത്തില്‍ വലിയ തോതില്‍ സംഘര്‍ഷത്തിന് സാധ്യതയുള്ളതായി കണക്കാക്കുന്നത്.

കഴിഞ്ഞ ഒരു മാസമായി മുമ്പെങ്ങും ഇല്ലാത്ത വിധം വന്യമൃഗങ്ങള്‍ നാടിറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ പറയുന്നു. വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന കര്‍ണാടകയിലെ നാഗര്‍ഹോള വനത്തില്‍പ്പെട്ട വീരനഹൊസള്ളി, രാജഗൗഡന ഗട്ടെ, ബിദുരക്കുപ്പ റെയ്ഞ്ചുകളാണ് ഏറ്റവുമധികം ജലക്ഷാമത്തിന്റെ പിടിയിലകപ്പെട്ടിട്ടുള്ളത്. വടക്കെ വയനാടിനോട് ചേര്‍ന്നുകിടക്കുന്ന വനഭാഗങ്ങളാണിതെന്നതിനാല്‍ മൃഗങ്ങള്‍ കേരള അതിര്‍ത്തിയിലെ ഗ്രാമങ്ങളിലേക്ക് കൂട്ടമായിറങ്ങിക്കൊണ്ടിരിക്കുകയാണ്. ബന്ദിപ്പൂര്‍ വന മേഖലയിലും വയനാടന്‍ കാടുകളിലും ജലസ്രോതസ്സുകള്‍ പൂര്‍ണമായും വറ്റിയതും കാടിറങ്ങുന്നതിന് മൃഗങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.
ഹരിതസമൃദ്ധമായിരുന്ന മുത്തങ്ങ, വേനലില്‍ കരിഞ്ഞുണങ്ങിയതോടെ ഇവിടെയുള്ള വനത്തിലെ 500ഓളം ആനകളും പച്ചപ്പ് തേടി നാട്ടിലേക്കിറങ്ങുന്നതായി വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയ ആനക്ക് ഒരു ദിവസം 50 കിലോഗ്രാം ഖര-ദ്രവ ഭക്ഷണം ആവശ്യമാണ്. ഇത് കാട്ടില്‍ നിന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ആനകള്‍ കൂടുതലും ഗ്രാമങ്ങളിലേക്കിറങ്ങിയത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, മലപ്പുറത്തെ നിലമ്പൂര്‍ മേഖല, കണ്ണൂര്‍ ജില്ലയിലെ ആറളം, ഇരിട്ടി, പൈതല്‍മല, ആലക്കോട്, കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലുള്‍പ്പെടുന്ന കര്‍ണാടക വനപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍, കുടക് മുണ്ട്‌റോട്ട് വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ എന്നിവയെല്ലാം കനത്ത വന്യമൃഗ സംഘര്‍ഷസാധ്യതയുള്ള മേഖലകളായി കണക്കാക്കിയിട്ടുണ്ട്. മൃഗങ്ങള്‍ കാടിറങ്ങുകയും അക്രമാസക്തരാകുകയും ചെയ്യുമെന്ന മുന്നറിയിപ്പാണ് വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, വനാതിര്‍ത്തിയില്‍ രുചികരമായ ഭക്ഷണസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതും ഏക സസ്യത്തോട്ടങ്ങളുടെ വര്‍ധനവും കാട്ടിനകത്ത് അനുചിതമായ വനവത്കരണം നടക്കുന്നതും വന്യജീവി സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആന, കാട്ടുപന്നി, മുള്ളന്‍പന്നി, മലയണ്ണാന്‍, മാവ്, കുരങ്ങ്, മയില്‍ തുടങ്ങിയ ജീവികളാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടാക്കുകയും കാടിറങ്ങുകയും ചെയ്യുന്നതെന്ന് വന മേഖലകള്‍ കേന്ദ്രീകരിച്ച് വന ഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ വനാതിര്‍ത്തി ഗ്രാമങ്ങളിലും ആന, കാട്ടുപന്നി, മലയണ്ണാന്‍ എന്നീ മൃഗങ്ങളാണ് കൂടുതലായും കാടിറങ്ങുന്നത്. തൃശൂരില്‍ വെള്ളികുളങ്ങര, മച്ചാട്, പീച്ചി, പാലപ്പള്ളി വനമേഖലകളില്‍ ഏതാണ്ട് ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങള്‍ ഇവ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വരള്‍ച്ചയെ തുടര്‍ന്നും മറ്റും മൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ ആഫ്രിക്കന്‍ കാലാവസ്ഥയില്‍ പലയിടത്തും പരീക്ഷിച്ച് വിജയിച്ച മുളകുവേലി പോലുള്ളവ നിര്‍മിക്കാനും വനത്തിനുള്ളില്‍ ജലസംരക്ഷണ മാര്‍ഗങ്ങള്‍ ഉറപ്പ് വരുത്താനുമുള്ള നടപടികള്‍ ആലോചിക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഇ എ ജയ്‌സണ്‍ പറഞ്ഞു. വന്യമൃഗങ്ങള്‍ ഇഷ്ടപ്പെടാത്ത സസ്യങ്ങള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍ നട്ടുവളര്‍ത്തുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചും മറ്റുമുള്ള വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ വന്യജീവി സംഘര്‍ഷം വലിയ തോതില്‍ ഉടലെടുക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest