Connect with us

Kerala

വൈദ്യുതി നിരക്ക് വര്‍ധന സബ്‌സിഡി: ഇന്ന് തീരുമാനിക്കും

Published

|

Last Updated

തിരുവനന്തപുരം:വൈദ്യുതി നിരക്ക് വര്‍ധനയില്‍ സബ്‌സിഡി നല്‍കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് ജനങ്ങളുടെ മേല്‍ വരുന്ന അധികഭാരം കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. വൈദ്യുതി നിരക്കില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന അധിക ഭാരം സബ്‌സിഡി നല്‍കി ലഘൂകരിക്കാനാണ് ശ്രമം. 120 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ പൂര്‍ണമായും അതിന് മുകളില്‍ 121-150, 151-200 വരെയുള്ള സ്ലാബുകള്‍ക്ക് ഭാഗികമായും സബ്‌സിഡിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സൂചന.

വൈദ്യുതി വര്‍ധനവ് വരുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ നിരക്കില്‍ സബ്‌സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ താരിഫ് വര്‍ധിപ്പിച്ചതിനാല്‍ സര്‍ക്കാറിന് നിരക്കിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. ഉയര്‍ന്ന നിരക്കിന് സബ്‌സിഡി അനുവദിച്ച് കെ എസ് ഇ ബിക്ക് ലഭിക്കേണ്ട തുക സര്‍ക്കാര്‍ നല്‍കുന്നതിലൂടെ ജനങ്ങളുടെ സാമ്പത്തിക ബാധ്യത ഒരളവു വരെ പരിഹരിക്കാന്‍ മാത്രമാണ് സര്‍ക്കാറിന് കഴിയുക. പ്രതിമാസം 200 കോടി നഷ്ടത്തിലാണ് വൈദ്യുതി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നിരക്ക് വര്‍ധനയിലൂടെ ലഭിക്കുന്ന 600 കോടി രൂപ ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ വേണ്ടിയാകും ഉപയോഗിക്കുക.

 

 

Latest