Connect with us

Kannur

രജിസ്‌ട്രേഷന്‍ കണ്ണൂരില്‍ തടസ്സപ്പെട്ടു

Published

|

Last Updated

കണ്ണൂര്‍: സര്‍ക്കാറിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആര്‍ എസ് ബി വൈ രജിസ്‌ട്രേഷന്‍ ജില്ലയില്‍ തകരാറിലായി. ജില്ലാ ആശുപത്രിയില്‍ നിന്നുള്ള രജിസ്‌ട്രേഷനാണ് ഈ മാസം രണ്ട് മുതല്‍ തടസപ്പെട്ടത്. ഇതേ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ പുതുക്കാതെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ അമ്പതോളം രോഗികളാണ് ആനുകൂല്യം നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ കഴിയുന്നത്. ഈ മാസം ഒന്ന് മുതല്‍ റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ആര്‍ എസ് ബി വൈയുടെ പ്രവര്‍ത്തനം. റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടതോടെ അവരുടെ സോഫ്റ്റ്‌വെയറിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള രജിസ്‌ട്രേഷനാണ് സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം നടത്താനാവാത്തത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സോഫ്റ്റ്‌വെയര്‍ ദാതാക്കളായ റിലയന്‍സ് കമ്പനിയുമായി ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ വിദഗ്ധരെത്തി ജില്ലാ ആശുപത്രിയിലെ കമ്പ്യൂട്ടറുകളടക്കം പരിശോധിച്ചെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. എന്നു പരിഹരിക്കാനാകുമെന്ന് കമ്പനി അധികൃതര്‍ക്ക് വ്യക്തതയും നല്‍കാനാവുന്നില്ല. ഹൈദരാബാദിലെ കമ്പനി ആസ്ഥാനത്തും ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആര്‍ എസ് ബി വൈ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ചികിത്സാ ആനുകൂല്യം ജില്ലാ ആശുപത്രിയില്‍ നിന്ന് നല്‍കിവരുന്നുണ്ട്. സോഫ്റ്റ്‌വെയര്‍ തകരാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ആശുപത്രി അധികൃതരുടെ ബാധ്യതയും വര്‍ധിക്കും. നിര്‍ധന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കേണ്ട ഘട്ടവും ഉണ്ടായേക്കും.

Latest