Connect with us

Kerala

ജോര്‍ജിന്റെ നിലപാട് ദോഷം ചെയ്യും: ഫ്രാന്‍സിസ് ജോര്‍ജ്‌

Published

|

Last Updated

കൊച്ചി: പി സി ജോര്‍ജ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടിക്കും യു ഡി എഫിനും ഒരു പോലെ ദോഷം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രീതിയിലുള്ള പെരുമാറ്റമാണ് ജോര്‍ജ് നടത്തുന്നതെങ്കില്‍ ഗ്രാമീണ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പട്ടിയും വകവെക്കാനുണ്ടാകില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. വിവരക്കേടാണ് അദ്ദേഹം കാട്ടുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ഇത് ചേര്‍ന്നതല്ല. ജോര്‍ജിന്റെ പ്രസ്താവന അദ്ദേഹത്തിന്റെത് മാത്രമാണ്. ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ല. എന്തെങ്കിലും വിളിച്ചു പറഞ്ഞ് പിന്നീട് മാപ്പ് പറയുന്നതില്‍ അര്‍ഥമില്ല. താന്‍ എന്തു പറഞ്ഞാലും പാര്‍ട്ടിയില്‍ ചോദിക്കാന്‍ ആരുമില്ലെന്ന് വിശ്വസിക്കുന്നയാള്‍ കേരള കോണ്‍ഗ്രസില്‍ ജോര്‍ജ് മാത്രമെ കാണൂ. കെ എം മാണി പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് ജോര്‍ജ് പറയുന്നത്. എന്നാല്‍, മാണി പറഞ്ഞ എന്തൊക്കെ കാര്യങ്ങളാണ് അനുസരിച്ചിട്ടുള്ളതെന്ന് ജോര്‍ജ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് അസൂയയാണെന്നാണ് പറയുന്നത്. അസൂയപ്പെടാന്‍ ജോര്‍ജില്‍ എന്താണുള്ളത്. അദ്ദേഹത്തെ അനുകരിക്കാനോ പിന്തുടരാനോ ആരുമില്ല. അത്തരമൊരു ഗതികേട് ശത്രുക്കള്‍ക്കുപോലും ഉണ്ടാകരുതെന്നാണ് താന്‍ പ്രാര്‍ഥിക്കുന്നത്.
ഗൗരിയമ്മക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അവരുടെ വീട്ടില്‍പ്പോയി ജോര്‍ജ് മാപ്പ് പറയണം. ഗൗരിയമ്മയോട് മാപ്പ് പറഞ്ഞതുകൊണ്ടു മാത്രം പ്രശ്‌നം തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് രാജ്യസഭാ സീറ്റ് കിട്ടാത്തതിനാല്‍ ജോര്‍ജിനോട് ദേഷ്യമുണ്ടെന്നാണ് പറയുന്നത്. ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്ന കാലത്ത് പൂഞ്ഞാറില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടില്ലെന്നുറപ്പായപ്പോള്‍ കാലുമാറാന്‍ നടന്നത് ജോര്‍ജാണെന്നും അദ്ദേഹം ആരോപിച്ചു.

Latest