Connect with us

National

പോലീസുകാരന്റെ കൊല: യു പി മന്ത്രി രാജിവെച്ചു

Published

|

Last Updated

പ്രതാപ്ഗഢ്: പോലീസ് ഉദ്യോഗസ്ഥന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനായ ഉത്തര്‍പ്രദേശ് മന്ത്രി രാജിവെച്ചു. ഭക്ഷ്യ, പൊതുവിതരണ മന്ത്രി രഘുരാജ് പ്രതാപ് സിംഗ് എന്ന രാജ ഭയ്യയാണ് രാജിവെച്ചത്. മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിച്ചതായും ആരോപണം അടിസ്ഥാനരഹിതമാണെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പ്രതികരിച്ചു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമത്തലവന്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സിയഉല്‍ ഹഖ് ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. മന്ത്രി രാജ ഭയ്യയാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നാണ് ഭാര്യ പര്‍വീണ്‍ ആരോപിച്ചത്. കുന്ദ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
അതേസമയം, ഡി വൈ എസ് പിയുടെ മരണത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ എട്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി എ ഡി ജി പി അറിയിച്ചു.