Religion
പൈതൃകസ്മാരകമായി മിസ്‌കാല്‍ പള്ളി

കോഴിക്കോട് കുറ്റിച്ചിറ മിസ്‌കാല്‍ പള്ളി പ്രസിഡണ്ടായിരുന്നു സയ്യിദ് ഫസല്‍ തങ്ങള്‍. കേരളത്തിലെ ചരിത്ര പ്രസിദ്ധമായ പുരാതന പള്ളികളില്‍ ഏറ്റം പ്രശസ്തമായ ഒന്നാണിത്. കല്ലിനേക്കാള്‍ കൂടുതല്‍ മരമാണ് ഈ പള്ളിയുടെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. ഇത്രയധികം മരം ഉപയോഗിച്ച മറ്റൊരു പള്ളി കേരളത്തില്‍ കാണുക പ്രയാസം. നാലു നിലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മിസ്‌കാല്‍ പള്ളിയുടെ നിര്‍മ്മാണ വൈദദ്ധ്യം അപാരമാണ്.
നാലു നിലകളിലേയും വണ്ണമേറിയ ബീമുകളും തൂണുകളും മരം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പലകകള്‍ നിരത്തിയാണ് നിലകള്‍ പണിതത്. കെട്ടിടത്തിന്റെ മുകളില്‍ ചെന്ന് ചേരുന്ന കഴുക്കോല്‍ കൂട്ടങ്ങള്‍ കോര്‍ത്ത മേല്‍കൂരയും ചുറ്റുമുള്ള മരത്തൊഴികളും കേരള വാസ്തു ശില്‍പ കലയുടെ മാതൃകയാണ്. പള്ളിക്ക് ഏഴു നിലകളുണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. പൊന്നാനി ജുമുഅത്ത് പള്ളി നിര്‍മ്മിക്കുമ്പോള്‍, ഏറ്റവും മുകളില്‍ കയറി നിന്ന് മഖ്ദും തച്ചന് മക്കത്തെ പള്ളി കാണിച്ചു കൊടുത്തുവെന്ന് ഒരു കഥയുണ്ട്. മിസ്‌കാല്‍ പള്ളിക്കുമുണ്ട് അത് പോലൊരു കഥ. പള്ളിയുടെ ഏഴു നിലയും പണിതു കഴിഞ്ഞപ്പോള്‍ ഖാസി തച്ചന് മക്കത്തെ പള്ളി കാണിച്ചു കൊടുത്തുവത്രെ.
പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കപ്പലുടമയും ധനാഡ്യനുമായ നഹൂദാ മിസ്‌കാല്‍ എന്ന അറബി പ്രമുഖനാണ് പള്ളി നിര്‍മ്മിച്ചത്. ഇരുപതിലേറെ കപ്പലുണ്ടായിരുന്നു അദ്ദേഹത്തിന്. ചരക്കുകളുമായി അറബ്യ-പേര്‍ഷ്യന്‍ നാടുകളിലേക്കും ആഫ്രിക്കന്‍ നാടുകളിലേക്കും സദാ സഞ്ചരിച്ചു കൊണ്ടിരുന്ന ഈ കപ്പലുകള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാനും തിരിച്ചു വരാനുമായി ഉടമയും കപ്പിത്താന്മാരും പല നേര്‍ച്ചകളും നേരാറുണ്ട്. നഹൂദ മിസ്‌കാലിന്റെ അത്തരം നേര്‍ച്ചകളിലൊന്നായിരുന്നു കോഴിക്കോട് നഗരത്തില്‍ വിശാലമായ ഒരു പള്ളി നിര്‍മ്മിക്കുക എന്നത്. അദ്ദേഹത്തന്റെ വലിയൊരു ആഗ്രഹവുമായിരുന്നു അത്.
മിസ്‌കാല്‍ പള്ളി എന്നാണ് നിര്‍മ്മിച്ചതെന്ന് രേഖപ്പെടുത്തി വെച്ചിട്ടില്ല. എങ്കിലും ഇബ്‌നു ബത്തൂത്തയുമായ ബന്ധപ്പെട്ട ചരിത്രത്തില്‍ നിന്ന് നിര്‍മ്മാണ കാലഘട്ടം അനുമാനിക്കാനാകും. 1346-ല്‍ ആറാമത്തെ തവണ കോഴിക്കോട്ടെത്തുന്ന ഇബ്‌നുബത്തൂത്തക്ക് ചൈനയിലേക്ക് പോകാന്‍ കപ്പലില്‍ സീറ്റ് നല്‍കിയത് നഹുദയാണെന്ന് അദ്ദേഹം തന്റെ യാത്രാ ഡയറിയില്‍ പറയുന്നുണ്ട്. നഹൂദയുടെ ഔദാര്യത്തെക്കുറിച്ചും ബത്തൂത്ത വിവരിക്കുന്നതായി കാണാം. ഇതനുസരിച്ചു മിസ്‌കാല്‍ പള്ളിയുടെ നിര്‍മ്മാണം 1300-നും 1340 -നുമിടയിലാകാനാണ് സാധ്യത.
പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭം മിസ്‌കാല്‍ പള്ളിയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വാസ്‌കോഡി ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ ആല്‍ബുക്കര്‍ക്കും സൈന്യവും നടത്തിയ ആക്രമണത്തില്‍ മിസ്‌കാല്‍ പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. മുസ്‌ലിംകളെ തുരത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ അല്‍ബുക്കര്‍ക്ക് 1510 ജനുവരി മൂന്നിന് (ഹിജ്‌റ 915 റമസാന്‍ 22) കല്ലായി പുഴ വഴി കോഴിക്കോട് നഗരത്തില്‍ പ്രവേശിച്ചാണ് ആക്രമണം അഴിച്ചു വിട്ടത്. അതിനിടെ മിസ്‌കാല്‍ പള്ളിക്ക് തീ വെക്കുകയും ചെയ്തു. ഈ തീവെയ്പിന്റെ പാടുകള്‍ പള്ളിയുടെ മുകള്‍തട്ടിന്റെ ചില ഭാഗങ്ങളില്‍ ഇന്നും കാണാം.
1548 ല്‍ (ഹിജ്‌റ 1028) മില്‍ഷാബന്തര്‍ ജമാലുദ്ദീന്‍ അന്താബി മിസ്‌കാല്‍ പള്ളിയും മിമ്പറയും പുനര്‍നിര്‍മിച്ചു കൊടുത്തതായി ഹാജി അബ്ദുല്ല രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ 1088 ല്‍ ഷാബന്തര്‍ ഉമറുല്‍ അന്താബി മിമ്പറ വീണ്ടും പുതുക്കി പണിതു. മുസ്‌ലിംകള്‍ പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട ആക്രമിച്ചപ്പോള്‍ അതിന്റെ സാമഗ്രികള്‍ മിസ്‌കാല്‍ പള്ളിയുടെ പുനരുദ്ധാരണത്തിനാണ് ഉപയോഗിച്ചത്.
പള്ളിയുടെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് ഇത് പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ തീരുമാനച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഒ എന്‍ ജി സി യുടെ സാമൂഹിക സേവന ഫണ്ടുപയോഗിച്ചു നടത്തുന്ന പുനരുദ്ധാരണം തനിമ നിലനിര്‍ത്തിക്കൊണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.