Connect with us

International

കാനറി ദ്വീപിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക്; ജനുവരിയ്ക്കും ജൂലൈ മധ്യത്തിനും ഇടയില്‍ എത്തിയത് 7,260 പേര്‍

Published

|

Last Updated

മാഡ്രിഡ് | സ്‌പെയിനിലെ കാനറി ദ്വീപിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രേഖകളില്ലാതെ തീരത്തേക്ക് കുടിയേറി എത്തുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. ജനുവരിയ്ക്കും ജൂലൈ മധ്യത്തിനും ഇടയില്‍ അത്‌ലാന്റിക് സമുദ്രത്തിലൂടെ 7,260 പേരാണ് കാനറി ദ്വീപിലേക്ക് കുടിയേറിപ്പാര്‍ക്കാനായി എത്തിയത്. കഴിഞ്ഞ വര്‍ഷം കുടിയേറിയത് 2,800 ആളുകളാണ്. കുടിയേറ്റ ജനതയുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊവിഡ് കാരണം ഉത്തരാഫ്രിക്കയിലെയും സഹാറന്‍ ആഫ്രിക്കയിലെയും വിനോദസഞ്ചാര മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയാണ് കുടിയേറ്റം വര്‍ധിക്കാനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം നാട് ഉപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ആളുകള്‍ ദ്വീപിലേക്ക് കുടിയേറ്റം നടത്തുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം, കുടിയേറ്റക്കാരെ സ്പാനിഷ് ഭാഷ പഠിപ്പിക്കാന്‍ സ്വന്തം ഗാരേജ് ഒരു ക്ലാസ്മുറിയാക്കി മാറ്റിയിരിക്കുകയാണ് ദ്വീപ് നിവാസി ടിറ്റോ മാര്‍ട്ടിന്‍. അദ്ദേഹത്തിന്റെ വാനുകള്‍ക്കും ബൈക്കുകള്‍ക്കും സര്‍ഫ്‌ബോര്‍ഡുകള്‍ക്കും ഇടയില്‍ മരപ്പലകകളിലിരുന്നാണ് കുടിയേറ്റക്കാര്‍ സ്പാനിഷ് ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ പഠിക്കുന്നത്. കാനറി ദ്വീപില്‍ ഫ്രഞ്ചും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഇസബെല്‍ ഫ്ളോറിഡോ എന്ന അധ്യാപികയും മാര്‍ട്ടിന്റെ സംരംഭത്തെ കുറിച്ചറിഞ്ഞ് സ്പാനിഷ് ഭാഷ പഠിപ്പിക്കാന്‍ സ്വയം സന്നദ്ധയായി രംഗത്ത് വന്നിട്ടുണ്ട്.

Latest