Connect with us

Articles

ജനന നിഷേധത്തിന്റെ ആക്രോശങ്ങൾ

Published

|

Last Updated

ഇന്ത്യയിൽ നിർബന്ധിത വന്ധ്യംകരണത്തിനുള്ള മുറവിളികൾ ഒരിക്കൽ കൂടി ഉച്ചത്തിൽ ഉയരുകയാണ്. ബി ജെ പി ഭരിക്കുന്ന അസമിൽ നിന്നും യു പിയിൽ നിന്നുമാണ് ഇപ്പോൾ പൊട്ടിപ്പുറപ്പെടുന്നതെങ്കിലും കൂടുതലിടങ്ങളിൽ നിന്ന് ഈ വാദഗതി ഉയരുമെന്നുറപ്പാണ്. രണ്ട് കുട്ടികളിൽ കൂടിയാൽ സർക്കാർ ആനുകൂല്യമില്ല, ഉദ്യോഗമില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. യു പിയിലെ നിർദിഷ്ട നിയമം അതികഠിനമാണ്. യൂനിയൻ സർക്കാറും ഈ ദിശയിൽ തന്നെ നീങ്ങുമെന്ന് കാണേണ്ടിയിരിക്കുന്നു. കൊവിഡ് മഹാമാരിയുടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് ജനന നിഷേധം അഥവാ ജനസംഖ്യാ നിയന്ത്രണം ചർച്ചയാകുന്നത് എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. ആരോഗ്യ രംഗത്ത് രാജ്യത്തെ സംവിധാനങ്ങൾ അങ്ങേയറ്റം അപര്യാപ്തമാണെന്ന് ഈ മഹാമാരിക്കാലത്ത് വ്യക്തമായിരിക്കുന്നു. പ്രാണവായു പോലും ലഭ്യമാക്കാൻ സർക്കാറുകൾക്ക് സാധിക്കുന്നില്ല. ഈ വീഴ്ചകളുടെയെല്ലാം പാപഭാരം “ജനസംഖ്യാ പ്രശ്‌ന”ത്തിൽ കെട്ടിവെക്കാനുള്ള ഗൂഢ ലക്ഷ്യം ഈ കോലാഹലങ്ങൾക്കുണ്ട്.

പാശ്ചാത്യനാടുകളിൽ വ്യാവസായിക വിപ്ലവം നടക്കുകയും ഉത്പാദനം യന്ത്രവത്കൃതമാകുകയും ചെയ്തത് അവിടങ്ങളിലെ സാഹചര്യത്തിന്റെ സമ്മർദത്തിലായിരുന്നു. ജന ദൗർലഭ്യമായിരുന്നു അവരുടെ പ്രശ്‌നം. രണ്ട് തരത്തിൽ ഈ ജനരാഹിത്യം അവരെ കുഴക്കി. ഒന്ന് പണിശാലകളിൽ പണിയെടുക്കാൻ ആളില്ലാതായി. അത് മറികടക്കാൻ യന്ത്രങ്ങളെ പടച്ചപ്പോൾ അവ ഉത്പാദിപ്പിച്ച് കൂട്ടിയ ഉത്പന്നങ്ങൾ വാങ്ങാനാളില്ലാതായി. ഇങ്ങനെ സംഭവിച്ച വിപണിയില്ലായ്മകളാണ് കൊളോണിയൽ പടയോട്ടങ്ങൾക്ക് വഴി വെച്ചത്. പൗരസ്ത്യ, ആഫ്രിക്കൻ നാടുകളിൽ കൊളോണിയൽ ശക്തികൾ ആദ്യം സാമ്പത്തിക അധീശത്വവും പിന്നീട് രാഷ്ട്രീയ അധികാരവും പിടിച്ചത് നിർമിത വസ്തുക്കൾക്ക് വിപണിയൊരുക്കാനും അസംസ്‌കൃത വസ്തുക്കൾ കൊള്ളയടിക്കാനുമായിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ദരിദ്ര രാഷ്ട്രങ്ങൾ ഈ നിലയിലായത്. ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും ഈ കൊള്ളയടിക്കലുകൾ തുടരുകയാണ്.

ദാരിദ്ര്യത്തിന്റെയും അപകർഷത്തിന്റെയും ഫലമായി ഈ രാജ്യങ്ങളിലെ മനുഷ്യർ ആഭ്യന്തര സംഘർഷങ്ങളിലേക്ക് നീങ്ങുമ്പോൾ അതിനെ പരമാവധി കത്തിച്ചു നിർത്തിയും പക്ഷം പിടിച്ചും സ്ഥിതിഗതികൾ സങ്കീർണമാക്കുകയും ചെയ്യുന്നു പാശ്ചാത്യർ. ചൂഷണത്തിന്റെ ചരിത്രവും ക്രൂരമായ ഇടപെടലുകളുടെ വർത്തമാനവും ഒരുക്കിയ പതിതാവസ്ഥയുടെ ഉത്തരവാദിത്വം മുഴുവൻ ജനബാഹുല്യത്തിൽ കെട്ടിവെക്കുകയാണ്. ഇതിനുള്ള ഗൂഢമായ നീക്കമാണ് കുടുംബാസൂത്രണമെന്ന പേരിൽ യു എന്നും അതിന്റെ പോഷക സംഘടനകളും പാശ്ചാത്യ ഫണ്ടിംഗിൽ പ്രവർത്തിക്കുന്ന നൂറു കണക്കായ സന്നദ്ധ സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്. ചരിത്രപരമായി തങ്ങൾ ഏൽക്കേണ്ട കുറ്റം മൂടി വെക്കാൻ വേണ്ടിയാണ് ജനംസഖ്യാ കണക്ക് ഉയർത്തിക്കാണിക്കുന്നത്.
ശരിയാണ്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ ജനനിബിഡമാണ്. അത് പക്ഷേ പ്രകൃതിപരമായ യാഥാർഥ്യമാണ്. ഭൂമധ്യരേഖാ പ്രദേശങ്ങളിൽ പ്രജനനക്ഷമത താരതമ്യേന കൂടുതലാണെന്നതാണ് ആ യാഥാർഥ്യം. ഇത് പക്ഷേ പ്രകൃതിക്ക് സംഭവിച്ച പിഴവല്ല. ഈ വലിയ ജനസഞ്ചയത്തെ സുഭിക്ഷമായി നിലനിർത്താനുള്ളതെല്ലാം പ്രകൃതി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ വിശാലമായ ഭൂപ്രദേശമുണ്ട്. പ്രകൃതി വിഭവങ്ങളുണ്ട്. ഫലഭൂയിഷ്ടമായ മണ്ണുണ്ട്. ജൈവവൈവിധ്യമുണ്ട്. കാലാവസ്ഥാ വൈവിധ്യമുണ്ട്. നാട്ടറിവുകളുണ്ട്. എല്ലാത്തിലുമുപരി ബലവത്തായ കൈകളും പുത്തൻ ചിന്തകളാൽ സമ്പന്നമായ ശിരസ്സുകളും അടങ്ങാത്ത ഊർജം നിറച്ച പേശികളും സ്‌നേഹവും അമർഷവും ഒരു പോലെ നിറച്ച മനസ്സുമുള്ള മനുഷ്യരുമുണ്ട്. പുറത്ത് നിന്നുള്ളവർ ഈ നാടുകളിലെ വിഭവങ്ങൾ കൊള്ളയടിക്കുന്നത് നിർത്തുകയും അവരുടേതായ ഉത്പാദന സംവിധാനങ്ങൾ പിന്തുടരുകയും ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും ഇവിടെ പിറന്നു വീഴുന്ന കുട്ടികൾ ഭക്ഷണം കിട്ടാതെ അലയുമായിരുന്നില്ല.
ചർക്കയിൽ നൂൽ നൂറ്റ ഗാന്ധിജി മുന്നോട്ട് വെച്ച ആശയമെന്തായിരുന്നു? ഈ നാടിന് ആവശ്യം ഇവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വ്യവസായവത്കരണവും യന്ത്രവത്കരണവുമാണെന്നതായിരുന്നു ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രത്തിന്റെ കാതൽ. എന്നാൽ മൂലധന ശക്തികളുടെ തിട്ടൂരങ്ങൾക്ക് വശംവദമായ ഭരണകൂടങ്ങൾ ആരാന്റെ കൈയിൽ തലവെച്ചുറങ്ങുകയാണ് ചെയ്തത്. അതുകൊണ്ടാണ് തൊഴിലില്ലായ്മാ ദുരന്തം സംഭവിച്ചത്. അപ്പോൾ ഒരു ഭാഗത്ത് വിഭവങ്ങൾ കൊളോണിയൽ ശക്തികൾ കൊള്ളയടിച്ചു. മറുഭാഗത്ത് സ്വയം വഴി വെട്ടാനുള്ള ത്രാണിയും കവർന്നു. എന്നിട്ട് എല്ലാ പ്രശ്‌നത്തിനും ജനസംഖ്യയെ പഴിച്ചു. ജനംസഖ്യാ വിസ്‌ഫോടനം, ജനസംഖ്യാ പ്രശ്‌നം തുടങ്ങിയ പ്രയോഗങ്ങൾ തന്നെ ഈ ഗൂഢാലോചനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാകും. കുടുംബാസൂത്രണമെന്ന ആശയത്തിന് സൈദ്ധാന്തിക അടിത്തറ ഒരുക്കിയ തോമസ് റോബർട്ട് മാൾത്തസ് ലക്ഷണമൊത്ത മുതലാളിത്ത വിദഗ്ധനായിരുന്നുവെന്നത് ഇതിനോട് ചേർത്ത് വായിക്കണം. മാൾത്തൂഷ്യൻ ജനസംഖ്യാ സിദ്ധാന്തത്തിന്റെ പല വൈകല്യങ്ങളിലൊന്ന് അത് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ വായ മാത്രമേ കാണുന്നുള്ളൂ, കൈകൾ കാണുന്നില്ല എന്നതാണ്.

വിഭവ വികാസം രണ്ട്, നാല്, ആറ്, എട്ട് എന്നിങ്ങനെ നടക്കുമ്പോൾ ജനസംഖ്യാ വികാസം രണ്ട്, നാല്, പതിനാറ് എന്നിങ്ങനെ കുതിക്കുമെന്നതാണ് മാൾത്തസ് പറയാൻ ശ്രമിക്കുന്നത്. 1700കളിൽ അദ്ദേഹം പ്രവചിച്ചത് 20ാം നൂറ്റാണ്ടിന്റെ ഉത്തരാർധമാകുമ്പോഴേക്കും ലോകത്തെ വിഭവങ്ങൾ മുഴുവൻ ഉപയോഗിച്ച് തീരുമെന്നാണ്. എന്നാൽ ഈ പ്രവചനം എത്ര വലിയ വിഡ്ഢിത്തമായിരുന്നുവെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു. ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന തത്വമാണ് മാൾത്തസിനെ മറികടന്ന് മുന്നേറിയത്. ജനസംഖ്യ വർധിച്ചപ്പോൾ സ്വാഭാവികമായും ഭക്ഷണ ലഭ്യതയും വർധിച്ചു, പലമടങ്ങ്. ജനസംഖ്യാ വിസ്‌ഫോടനത്തെ മറികടക്കാൻ മാൾത്തസ് മുന്നോട്ട് വെക്കുന്നത് രണ്ട് പരിഹാരങ്ങളാണ്. ഒന്ന് സ്വാഭാവികമായ ആൾ നാശം. രണ്ടാമത്തേത് കൃത്രിമ ജനന നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുക എന്നതാണ്. ഈ മാർഗം അങ്ങേയറ്റം കാർക്കശ്യത്തോടെ അവലംബിച്ച ചൈന തിരിച്ചറിവിന്റെ പാതയിലേക്ക് അതിവേഗം സഞ്ചരിക്കുന്നതിന്റെ വാർത്തകളാണ് അവിടെ നിന്ന് വരുന്നത്.

ജനന നിഷേധ മാർഗങ്ങൾ ഇന്ന് ലോകത്ത് ട്രില്യൺ കണക്കിന് വിറ്റുവരവുള്ള കൂറ്റൻ വ്യവസായമാണ്. ആക്ടാവിസ്, ബായർ എ ജി, ചർച്ച് ആൻഡ് ഡ്വിവൈറ്റ്, കൂപ്പർ സർജിക്കൽ, ഫൈസർ തുടങ്ങി ഈ രംഗത്തുള്ള കമ്പനികൾക്ക് ലോകത്തെ വിലക്കെടുക്കാനുള്ള ശേഷിയുണ്ട്. ക്രൂരമായ പരീക്ഷണങ്ങളാണ് ഈ കമ്പനികളിൽ മനുഷ്യരിൽ നടത്തുന്നത്. 15 തരം ജനനനിഷേധ സംവിധാനങ്ങൾ വിപണിയിലുണ്ടെന്നാണ് കണക്ക്. ഹോർമോൺ അധിഷ്ഠിതമാണ് മിക്കവയും. കോണ്ടമുകൾ, ഡയഫ്രമുകൾ, ഗർഭ നിഷേധ ഗുളികകൾ, ഇംപ്ലാന്റുകൾ, ഐ യു ഡികൾ, വന്ധ്യംകരണ ഉപകരണങ്ങൾ, ശസ്ത്രക്രിയകൾ. കോടികൾ കൊയ്യാനുള്ള ഉപാധികൾ നീളുന്നു. ഇതൊരു പരസ്പര സഹായ സഹകരണ സംവിധാനമാണെന്നോർക്കണം. ജനന നിഷേധ പ്രചാരണത്തിന് പണം മുടക്കുന്നത് ഈ കമ്പനികളും അവയുടെ ബലത്തിൽ നിലനിൽക്കുന്ന ഭരണകൂടങ്ങളുമാണ്.
ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതികൾ മതം തിരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് നേരത്തേ തന്നെ അവരുടെ രാഷ്ട്രീയ അജൻഡ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനശക്തിയെ അദ്ദേഹം വല്ലാതെ ഭയക്കുന്നുണ്ട്. ഹിന്ദു സ്ത്രീകളോട് കൂടുതൽ പ്രസവിക്കാൻ ഉപദേശിക്കുന്ന ആർ എസ് എസ് മറ്റ് മതസ്ഥരിൽ ജനന നിഷേധം അടിച്ചേൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു. ഇത് തന്നെയാണ് മാനവ വിഭവ ശേഷി കുറഞ്ഞ സമ്പന്ന രാജ്യങ്ങളും ചെയ്യുന്നത്. അവർ സ്വന്തം നാട്ടിലെ സ്ത്രീകൾക്ക് കൂടുതൽ പ്രസവിക്കാൻ പ്രോത്സാഹനങ്ങൾ നൽകുന്നു. സമ്മാനങ്ങൾ കൊണ്ട് അവരെ മൂടുന്നു. എന്നിട്ട് ഏഷ്യയിലെയും ആഫ്രിക്കയിലെയും സ്ത്രീകളെ ഗർഭ നിരോധ ഗുളികകൾ തീറ്റിക്കുന്നു. ആദിവാസിയെ പിടിച്ചു കൊണ്ടുപോയി വന്ധ്യംകരിക്കുന്നു. മനുഷ്യ ശേഷിയെ സാമ്രാജ്യത്വവും ഫാസിസവും ഒരു പോലെ ഭയക്കുന്നുവെന്നർഥം.
ഇവിടെ ജനന നിഷേധം ക്രൂരമായി നടപ്പാക്കുന്നവർ പറയുന്നത് ഈ നടപടികൾ സ്ത്രീകളെ ശാക്തീകരിക്കാൻ വേണ്ടിയാണെന്നാണ്. പ്രസവം ആരോഗ്യത്തിന് ഹാനികരമെന്ന മട്ടിലാണ് ഇവരുടെ പ്രചാരണം. എന്നാൽ ജനന നിഷേധത്തിനായി തയ്യാറാക്കിയിട്ടുള്ള മിക്ക സങ്കേതങ്ങളും സ്ത്രീയുടെ ശരീരത്തിലാണ് തള്ളുന്നത്. അവളുടെ ശരീരം ഈ കൃത്രിമത്വങ്ങളുടെ അഴുക്കുചാലാകുകയാണ്. അവളുടെ ഉർവരതയെ കൊല്ലുക വഴി അവളെ തന്നെ കൊല്ലുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ മരുന്നുകളുടെയും വസ്തുക്കളുടെയും വാഹകരായി വേദനാപൂർണമായ പാർശ്വഫലങ്ങൾ അനുഭവിച്ചു കഴിച്ചു കൂട്ടുന്നു സ്ത്രീകൾ. ഒറ്റക്കുട്ടി നയം നടപ്പാക്കിയ ചൈനയിലെ സ്ത്രീകളിൽ ഗർഭച്ഛിദ്രത്തിന് അശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ദുരന്തങ്ങൾ വിവരണാതീതമാണ്. ജനന നിഷേധ ഉപാധികളുടെ അശാസ്ത്രീയവും അമിതവുമായ ഉപയോഗം ചൈനീസ് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ വലിയ തോതിൽ ബാധിച്ചിരിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. വിഷാദ രോഗവും ഒറ്റപ്പെടലും അവരുടെ സ്ത്രീത്വത്തെ നശിപ്പിച്ചിരിക്കുന്നു.

ഈ കുറിപ്പിലുടനീളം ജനന നിഷേധം എന്ന് ഉപയോഗിച്ചിരിക്കുന്നത് ബോധപൂർവമാണ്. ജനന നിയന്ത്രണം (ബെർത്ത് കൺട്രോൾ) എന്നാണ് അതിന്റെ വക്താക്കൾ പറയാറുള്ളത്. ഈ പ്രയോഗം പഞ്ചസാര പൊതിഞ്ഞ വിഷമാണ്. ജനനം നിയന്ത്രിക്കുകയല്ല നിഷേധിക്കുകയാണ് ചെയ്യുന്നത്. ആർക്കു വേണ്ടി? എല്ലാവർക്കും നന്നായി ഉണ്ണാനും ഉടുക്കാനും പാർക്കാനുമാണെന്ന് ന്യായം. സത്യമെന്താണ്? ലോക ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ശതകോടിക്കാരുടെ കൈയിലാണ് ആഗോള സമ്പത്തിന്റെ നാൽപ്പത് ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. യു എന്നിന്റെ കീഴിലുള്ള വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് പറയുന്നത് പത്ത് ശതമാനത്തിന്റെ കൈയിലാണ് 85 ശതമാനം വിഭവങ്ങളുമെന്നാണ്. ഇതിൽ മൂന്നിലൊരു ഭാഗവും യു എസ്, ജപ്പാൻ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്. 50 വർഷത്തിനുള്ളിൽ ആഗോള സമ്പത്ത് പലമടങ്ങ് വർധിച്ചു. ജനസംഖ്യയേക്കാൾ മുമ്പേ പറന്നു അത്. എന്നിട്ടും കോടിക്കണക്കായ മനുഷ്യർ പട്ടിണിയിലാണ്. വിഭവങ്ങൾ ഇല്ലാത്തതാണോ പ്രശ്‌നം? ഒരിക്കലുമല്ല. വിഭവങ്ങളുടെ വിതരണമാണ് പ്രശ്‌നം. ലോകത്തിന്റെ പട്ടിണി മാറ്റാൻ യു എന്നും ലോക ബേങ്കും മറ്റ് അന്താരാഷ്ട്ര സംഘടനകളും കോടികൾ ഇടിച്ചു തള്ളുന്നത് ജനന നിഷേധ പദ്ധതികളിലാണ്. വൃദ്ധരെ സൃഷ്ടിക്കുന്ന ഈ ഏർപ്പാട് എത്ര ക്രൂരമായ വിരോധാഭാസമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest