Connect with us

Socialist

ജനങ്ങളെ ഭയപ്പെടുത്തി മഹാമാരി നിയന്ത്രിക്കാനാകില്ല

Published

|

Last Updated


കൊവിഡിന്റെ രണ്ട് തരംഗങ്ങളെയും നേരിടുന്നതിൽ കേരളം എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പൂർണമായ ക്രെഡിറ്റ് കേരളത്തിലെ ഓരോ പൗരനും അവകാശപ്പെട്ടതാണെന്നും ശാസ്ത്രീയവും സുതാര്യവുമായ പരിപാടികൾ ജനപങ്കാളിത്തതോടെ നടപ്പാക്കി മാത്രമേ മഹാമാരിയെ നിയന്ത്രിക്കാനാവൂവെന്നും മഞ്ചേരി സർക്കാർ മെഡി.കോളജിലെ അസോ.പ്രൊഫസറായ ഡോ.അൽത്താഫ് അലി. ഫേസ്ബുക്കിലാണ് അദ്ദേഹം ഈ അഭിപ്രായം കുറിച്ചത്. പോസ്റ്റ് പൂർണ രൂപത്തിൽ:ജനപങ്കാളിത്തമാണ് ഏതൊരു പൊതുജനാരോഗ്യ/ രോഗനിയന്ത്രണ പരിപാടിയുടെയും ആധാരശില. കേരളത്തിന്റെ വിജയവും അവിടെയാണ്. കോവിഡിന്റെ രണ്ട് തരംഗങ്ങളെയും നേരിടുന്നതിൽ കേരളം എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പൂർണമായ ക്രെഡിറ്റ് കേരളത്തിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ്.

കോവിഡ് ആദ്യ തരംഗത്തിൽ ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്. അവരിൽ 99% പേരും കൃത്യമായി സ്‌ക്രീനിംങിനും ക്വാറന്റൈനും വിധേയമായത് കൊണ്ടാണ് ഒന്നാം തരംഗത്തിൽ രോഗവും മരണവും കുറഞ്ഞത്.
രോഗത്തിന്റെ ആദ്യ ഘട്ട പരിചരണം വീടുകളിൽ ആക്കിയതും അപായ സൂചന വരുമ്പോൾ മാത്രം ആശുപത്രിയിൽ എത്തിയാൽ മതിയെന്ന (home care) നിർദേശങ്ങളും കൃത്യമായി പാലിക്കപ്പെട്ടതാണ് കോവിഡ് രണ്ടാം തരംഗത്തിൽ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം (patient load) നിയന്ത്രിച്ച് നിർത്താനും അതുവഴി മരണ നിരക്ക് മറ്റിടങ്ങളെക്കാൾ കുറക്കാനും സാധിച്ചത്“. കടകളും സ്ഥാപനങ്ങളും ഇങ്ങനെ അടച്ചിടുന്നത് കൊണ്ടും വാരാന്ത്യങ്ങളിൽ നിയന്ത്രണം ഉള്ളതുകൊണ്ടുമാണ് കോവിഡിന്റെ കാര്യത്തിൽ ജനങ്ങൾക്ക് ഭയമുള്ളതും ജാഗ്രത പുലർത്താൻ തോന്നുന്നതും” എന്നൊരു വാദം കണ്ടു.

“ആ പ്രദേശത്തെ ജനങ്ങൾക്ക്‌ തോക്കിന്റെ ഭാഷ മാത്രമേ മനസ്സിലാകൂ” എന്ന് മുമ്പാരോ പറഞ്ഞതിന്റെ തുടർച്ച മാത്രമാണ് ഇതും.

ഇതൊന്നും പൊതുജനാരോഗ്യത്തിന്റെ രീതിയേ അല്ല. ജനങ്ങളെ ഭയപ്പെടുത്തി പാൻഡമിക് നിയന്ത്രിക്കാനാവില്ല. ശാസ്ത്രീയവും സുതാര്യവുമായ പരിപാടികൾ ജനപങ്കാളിത്തതോടെ നടപ്പാക്കി മാത്രമേ പാൻഡമിക്കിനെ നിയന്ത്രിക്കാനാവൂ.