Connect with us

Socialist

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാക്കിസ്ഥാനും ബംഗ്ലാദേശിനും താഴെയായതിൽ അത്ഭുതമുണ്ടോ?

Published

|

Last Updated

2020-ലെ ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം 107 രാജ്യങ്ങളിൽ 94-ാമത് ആയതിൽ അത്ഭുതമുണ്ടോ? നമ്മുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയവയുടെ സ്ഥാനം നമുക്കു മുകളിലാണ്. ഏഴ് കോടി ടൺ ധാന്യങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഒരു രാജ്യത്താണ് ഈ അവസ്ഥാവിശേഷമെന്നുള്ളത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.

കൊവിഡുകാലത്ത് ഇന്ത്യയിലെ പട്ടിണിക്ക് എന്തു സംഭവിച്ചൂവെന്നതിന്റെ ഒരു പരിച്ഛേദചിത്രം ഹംഗർ വാച്ച് (Hunger Watch) എന്ന സംഘടനയുടെ റിപ്പോർട്ടിൽ ലഭിക്കും. ഇവർ കൊവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് 11 സംസ്ഥാനങ്ങളിലായി ഏതാണ്ട് 4,000 കുടുംബങ്ങളുടെ ഒരു സർവേ നടത്തുകയുണ്ടായി (കേരളവും തമിഴ്നാടും ഇതിൽ ഉൾപ്പെടില്ല). ഈ സർവേയിൽ പങ്കെടുത്ത കുടുംബങ്ങളിൽ 90 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായി. 27 ശതമാനം കുടുംബങ്ങൾക്കു വരുമാനമേ ഇല്ല. 24 ശതമാനം കുടുംബങ്ങൾക്കു വരുമാനം പകുതിയായി കുറഞ്ഞു. 20 ശതമാനം കുടുംബങ്ങൾക്കു വരുമാനം നാലിലൊന്നായി കുറഞ്ഞു.

സർവേയിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യം മൊത്തം കുടുംബങ്ങളിൽ 24 ശതമാനത്തിന്റെ ഗോതമ്പ്, അരി ഉപഭോഗം ഗണ്യമായി കുറഞ്ഞൂവെന്നുള്ളതാണ്. നോക്കാൻ ആളില്ലാത്ത വയോജന കുടുംബങ്ങൾ, പട്ടികജാതിക്കാർ, സ്ത്രീകൾ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങൾ, മുസ്ലിം കുടുംബങ്ങൾ എന്നിവരിൽ ഇത്തരക്കാർ 30 ശതമാനത്തിലേറെ വരും. ഇത് പ്രത്യക്ഷത്തിൽ വിശദീകരണം അർഹിക്കുന്ന ഒരു പ്രതിഭാസമാണ്. കാരണം ഏപ്രിൽ മുതൽ നവംബർ മാസം വരെ അഞ്ചുകിലോ സൗജന്യ ധാന്യം റേഷൻകാർഡ് വഴി വിതരണം ചെയ്യുകയുണ്ടായി. പിന്നെ എന്തുകൊണ്ട് ഇത്ര കൂടുതൽ കുടുംബങ്ങൾക്ക് ആവശ്യത്തിനു ധാന്യം കിട്ടിയില്ല?

സർവേയിൽ റേഷൻകാർഡ് ഇല്ലാത്ത കുടുംബങ്ങളുടെ കണക്കുണ്ട്. അതുപ്രകാരം 23 ശതമാനം കുടുംബങ്ങൾക്കു റേഷൻകാർഡ് ഇല്ല. 10 കോടി ആളുകൾ റേഷൻ സംവിധാനത്തിനു പുറത്താണ് (കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലേ സമ്പൂർണ റേഷൻകാർഡ് നിലവിലുള്ളൂ). അതുകൊണ്ടാണ് ജോൺ ഡ്രീസിനെപ്പോലുള്ള പണ്ഡിതരും ഇടതുപക്ഷ പാർട്ടികളും റേഷൻകാർഡ് ഇല്ലാത്തവർക്കും ധാന്യം കൊടുക്കുന്നതിനുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്നത്.

പട്ടിണി കൊടികുത്തി വാഴുകയാണ്. ഒട്ടനവധി ദിവസം ഊണുപോലും കഴിക്കാൻ കഴിയാത്തവർ 30 ശതമാനം വരും. ഭക്ഷണത്തിന്റെ കുറവുമൂലം 40 ശതമാനം കുടുംബങ്ങളുടെ പോഷകനിലയിൽ ഇടിവുണ്ടായി. 45 ശതമാനം കുടുംബങ്ങളും ഭക്ഷണത്തിനുവേണ്ടി വായ്പയെടുക്കേണ്ടിവന്നു.

രണ്ടാം കൊവിഡുകാലത്ത് പട്ടിണി അതിന്റെ പരമകാഷ്ഠതയിൽ എത്തും. കാരണം കഴിഞ്ഞ കൊവിഡു പൊട്ടിപ്പുറപ്പെട്ടപ്പോൾ എല്ലാവരുടെയും കൈവശം കുറച്ചു പണമെങ്കിലും സമ്പാദ്യമുണ്ടായിരുന്നു. കൊവിഡിന്റെ ഒരുവർഷക്കാലം മഹാഭൂരിപക്ഷം ജനങ്ങളെയും പാപ്പരാക്കിയിരിക്കുകയാണ്. സൗജന്യ ധാന്യം മാത്രം പോരാ, കുറച്ചു കാശുകൂടി കൊടുക്കണം. അല്ലെങ്കിൽ കേരളത്തിലെപ്പോലെ കിറ്റുകൂടി നൽകണം. അല്ലാത്തപക്ഷം നമ്മുടെ രാജ്യം 2021-ലെ ആഗോള പട്ടിണി സൂചിക വരുമ്പോൾ നമ്മൾ സോമാലിയയ്ക്കും പിന്നിലാകും.
(പ്രതീകാത്മക ചിത്രം ഇന്റർനെറ്റിൽ നിന്ന്)