Connect with us

Kerala

സ്‌കൂളുകളുടെ സമീപം പെട്രോള്‍ പമ്പ് പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്തെ സ്‌കൂളുകളുടെ സമീപം 50 മീറ്റര്‍ ദൂരപരിധിയില്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനെ മുന്‍നിര്‍ത്തിയാണ് നടപടി.

അനുമതി നല്‍കുന്നതിന് മുന്‍പ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ദൂരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ അംഗം കെ നസീര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതിനു വിരുദ്ധമായി അടിയന്തര സാഹചര്യത്തില്‍ പെട്രോള്‍ പമ്പ് അനുവദിക്കേണ്ടി വന്നാലും 30 മീറ്റര്‍ അകലം നിര്‍ബന്ധമായി പാലിക്കണം.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം സ്‌കൂളിന്റെയും ആശുപത്രിയുടെയും 50 മീറ്റര്‍ ദൂരപരിധിയില്‍ പെട്രോള്‍ പമ്പ് അനുവദിക്കാന്‍ പാടില്ല. ഏതെങ്കിലും കാരണവശാല്‍ 50 മീറ്ററിനുള്ളില്‍ സ്ഥാപിക്കേണ്ടി വന്നാല്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്ടി ഓര്‍ഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ അപ്പോഴും 30 മീറ്ററിനുള്ളില്‍ സ്ഥാപിക്കാന്‍ പാടില്ല.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇക്കാര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. നിര്‍ദിഷ്ട ദൂരപരിധിക്കുള്ളില്‍ 30 മീറ്ററിനു മേല്‍ പമ്പുകള്‍ക്ക് അനുവാദം നല്‍കുമ്പോള്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ മുന്നോട്ടു വച്ച സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യങ്ങള്‍ തദ്ദേശ ഭരണ സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, മുനിസിപ്പല്‍ ഡയറക്ടര്‍ എന്നിവര്‍ ഉത്തരവാകണം.

Latest