Connect with us

Ongoing News

അശ്വിന്റെ കരുത്തില്‍ കൂറ്റന്‍ ലീഡുമായി ഇന്ത്യ; ഇംഗ്ലണ്ട് തകര്‍ച്ചയില്‍

Published

|

Last Updated

ചെന്നൈ | രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 429 റണ്‍സ്. എന്നാല്‍, 53 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ തകര്‍ച്ചയുടെ വക്കിലാണ് ഇംഗ്ലീഷ് പടയുള്ളത്. സ്റ്റംപെടുക്കുമ്പോള്‍ ഡാന്‍ ലോറന്‍സും (19) ജോ റൂട്ടും (രണ്ട്) ആണ് ക്രീസിലുള്ളത്.

സെഞ്ചുറി നേടിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ കരുത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡ് ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ വിരാട് കോലി 62 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ 286 റണ്‍സാണ് ഇന്ത്യ എടുത്തത്. ഇംഗ്ലീഷ് ബോളര്‍മാരില്‍ മുഈന്‍ അലിയും ജാക്ക് ലീച്ചും നാല് വീതം വിക്കറ്റെടുത്തു.

482 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ വലിയ തകര്‍ച്ചയാണ് സന്ദര്‍ശകര്‍ നേരിടുന്നത്. റോറി ബേണ്‍സ്, ഡോം സിബ്ലി, ജാക്ക് ലീച്ച് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ആദ്യ ടെസ്റ്റില്‍ മികച്ച ഫോമിലായിരുന്ന ജോ റൂട്ടിനെ കൂടി പുറത്താക്കിയാല്‍ ആതിഥേയര്‍ക്ക് വിജയം എളുപ്പമാകും.

രണ്ട് വിക്കറ്റെടുത്ത അക്‌സര്‍ പട്ടേലാണ് ഇംഗ്ലീഷ് തകര്‍ച്ചയുടെ പിന്നിൽ. അശ്വിന്‍ ഒരു വിക്കറ്റ് നേടി.