Connect with us

Ongoing News

ഐ ലീഗില്‍ ഗോകുലത്തിന് ത്രസിപ്പിക്കുന്ന ജയം

Published

|

Last Updated

കൊല്‍ക്കത്ത | ഐ ലീഗില്‍ ടിഡ്ഡിം റോഡ് അത്‌ലറ്റിക് യൂനിയന്‍ (ട്രാവു) എഫ് സിക്കെതിരെ ഗോകുലം കേരള എഫ് സിക്ക് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ ത്രസിപ്പിക്കുന്ന ജയം. കഴിഞ്ഞ മത്സരത്തില്‍ മുഹമ്മദന്‍സിനോടേറ്റ തോല്‍വിക്ക് പകരം വീട്ടുന്നതായിരുന്നു ഗോകുലത്തിന്റെ കളി. ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും ഗോളുകള്‍ നേടി മേധാവിത്വം പുലര്‍ത്താന്‍ ഗോകുലത്തിന് സാധിച്ചു.

16ാം മിനുട്ടില്‍ എമില്‍ ബെന്നിയും 57ാം മിനുട്ടില്‍ ശരീഫ് എം മുഹമ്മദും 86ാം മിനുട്ടില്‍ സോഡിംഗ്ല്യാന റാള്‍ട്ടെയുമാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. അവസാന ഗോള്‍ പെനാല്‍റ്റിയിലൂടെ ലഭിച്ചതായിരുന്നു. വലതുഭാഗത്ത് നിന്ന് ഡ്രിബിള്‍ ചെയ്ത് ബോളുമായെത്തിയ വിന്‍ ബാരെറ്റോ നല്‍കിയ ക്രോസ് ഒട്ടുംകാത്തുനില്‍ക്കാതെ സുന്ദരമായ വോളിയിലൂടെ ഗോളാക്കുകയായിരുന്നു ബെന്നി.

ആദ്യ ഗോള്‍ നേടിയ ബെന്നിയാണ് രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്തത്. 57ാം മിനുട്ടില്‍ ബെന്നിയുടെ ഔട്ട് സ്വിംഗിംഗ് ക്രോസ് പോസ്റ്റിന് സമീപമുണ്ടായിരുന്ന ശരീഫ് മുഹമ്മദിന് ലഭിക്കുകയും റോക്കറ്റ് വേഗതയിലുള്ള വോളിയിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ബോള്‍ പായുകയും ചെയ്തു. സീസണിലെ മൂന്നാം ഗോള്‍ കൂടിയായിരുന്നു അഫ്ഗാന്‍ താരമായ ശരീഫിന്റെത്.

86ാം മിനുട്ടില്‍ വിന്‍സി ബാരെറ്റോയുടെ ക്രോസ് ഡെന്നിസ് ആന്റ്വിക്ക് ലഭിക്കുകയും അദ്ദേഹം പന്ത് നിയന്ത്രണത്തിലാക്കുകയും ചെയ്തു. എന്നാല്‍ വലയിലേക്ക് ഉതിര്‍ക്കും മുമ്പ് അദ്ദേഹം ഫൗള്‍ ചെയ്യപ്പെടുകയും റഫറി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. പെനാല്‍റ്റി ഷോട്ടെടുത്ത സോഡിംഗ്ല്യാന വലയിലാക്കുകയുമായിരുന്നു.

87ാം മിനുട്ടില്‍ കോംറോണ്‍ ടര്‍സുനോവ് ആണ് ട്രാവുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Latest