Kerala
ഒന്നിച്ച് ജീവനൊടുക്കാന്‍ ഭാര്യയുടെ കൈ ഞരമ്പ് മുറിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

അരൂര്‍ | സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഒന്നിച്ചു ജീവനൊടുക്കാന്‍ വേണ്ടി ഭര്‍ത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചു. ഭാര്യയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ചാത്തനാട്ട് ശരവണന്‍ (63) ആണ് മരിച്ചത്. അവശയായ ഭാര്യ വള്ളിയെ (57) തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ അപകടനില തരണം ചെയ്തു.
തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായിരുന്ന ശരവണന് പലയിടത്തായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതോടെയാണ് ആത്മഹത്യക്ക് പദ്ധതിയിട്ടത്.
തിങ്കളാഴ്ച്ച രാത്രി ഇരുവരും ഒന്നിച്ച് വീടിനോട് ചേര്‍ന്ന ചാര്‍ത്തില്‍ ഉറങ്ങാന്‍ കിടന്നു. ഈ സമയം ഭര്‍ത്താവ് ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞെങ്കിലും ഭാര്യ എതിര്‍ത്തു. താന്‍ മരിച്ചാല്‍ സാമ്പത്തിക ബാധ്യത ചുമലിലാകുമെന്ന് ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞതോടെ ഇരുവരും ഒന്നിച്ചു മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈഞരമ്പ് മുറിച്ചശേഷം ഇവരുടെ കഴുത്തില്‍ ഇയാള്‍ ഞെക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ ഭാര്യ അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഭര്‍ത്താവ് കൈഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
ബോധം തിരിച്ചു കിട്ടിയ ഭാര്യ ഒച്ചവച്ച് പരിസരവാസികളെ വിളിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്.