International
പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ട്രംപ്; ആശംസകള്‍ നേര്‍ന്ന് ബൈഡന് കുറിപ്പ്
വാഷിങ്ടണ്‍ | ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയിലേക്ക് പോയി. എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലായിരുന്നു വൈറ്റ് ഹൗസില്‍ നിന്നുള്ള ട്രംപിന്റെ പിന്‍വാങ്ങല്‍. പുതിയ ഭരണകൂടത്തിന് ആശംസകള്‍ നേര്‍ന്ന് ബൈഡന് ട്രംപ് കുറിപ്പെഴുതി. ഒന്നര നൂറ്റാണ്ടിനിടെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
മടങ്ങിയെത്തുമെന്ന് അനുയായികളോട് പ്രതീക്ഷ പ്രകടിപ്പിച്ചാണ് ട്രംപ് ഫ്ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലേക്ക് പോയത്. കഴിഞ്ഞത് അവിശ്വസനീയമായ നാലു വര്ഷങ്ങളായിരുന്നുവെന്നും നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത തന്റെ ജീവനക്കാരോടും അനുയായികളോടുമായി ട്രംപ് പറഞ്ഞു. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.