Gulf
അബൂദബിയിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മലയാളി മരിച്ചു
അബൂദബി | അബൂദബിയിൽ ഇന്ന് രാവിലെ 19 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മലയാളി മരിച്ചു. തൃശൂർ ചേർപ്പ് ചെറുചേനം സ്വദേശി നൗഷാദ് (45) ആണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു. കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് അബൂദബി പോലിസ് അറിയിച്ചു.
അൽ മഫ്രാക്കിലേക്കുള്ള വഴിയിൽ മഖതാരയിലാണ് അപകടം സംഭവിച്ചത്. മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച തടസ്സപ്പെട്ടതിനാൽ മുന്നിലെ വാഹനത്തിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ സാധിക്കാതിരുന്നതാണ് കൂട്ടിയിടിക്ക് ഇടയാക്കിയത്. മഞ്ഞുവീഴ്ചയുളളപ്പോൾ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് അബൂദബി പോലീസ് നിർദേശം നൽകി.
റുവൈസിൽ സെക്യൂരിറ്റി കമ്പനിയിൽ ജോലി ചെയ്തിരുന്ന നൗഷാദ് ചെറുചേനത്തെ പരേതരായ അബ്ദുല്ല – റുഖിയ എന്നിവരുടെ മകനാണ്. ഭാര്യ : നസീബ. മക്കൾ : നാഷിമ, നാഷിദ്, നൗഷിദ. സഹോദരങ്ങൾ : ഷറഫുദീൻ, സുബൈർ, നൂർജഹാൻ, മാരിജാൻ, സാബിറ, നദീറ, സാഹിദ, പരേതനായ ശരീഫ്.
അബുദാബി ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.