International
വില്യം ബേണ്‍സിനെ സി ഐ എ തലവനായി നാമനിര്‍ദേശം ചെയ്ത് ബൈഡന്‍

വാഷിംഗ്ടണ്‍ | സി ഐ എയുടെ മേധാവിയായി വില്യം ബേണ്‍സിനെ നാമനിര്‍ദേശം ചെയ്ത് നിയുക്ത യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ദീര്‍ഘകാലം നയതന്ത്ര പ്രതിനിധിയായി ചുമതല നിര്‍വഹിച്ചയാളാണ് ബേണ്‍സ്.
അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയായി 33 വര്‍ഷം പരിചയമുള്ള ബേണ്‍സ് മുന്‍ വിദേശകാര്യ ഉപസെക്രട്ടറി കൂടിയായിരുന്നു. റഷ്യ, അറബി, ഫ്രഞ്ച് ഭാഷകൾ കൂടി സംസാരിക്കുന്നയാളാണ് ബേണ്‍സ്. റഷ്യ, മിഡില്‍ ഈസ്റ്റ് കാര്യങ്ങളില്‍ വിദഗ്ധനാണ്.
2005 മുതല്‍ 2008 വരെ റഷ്യയിലെ അമേരിക്കന്‍ അംബാസിഡറായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് 2015ല്‍ ഇറാനുമായി ആണവ കരാറിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. ഈ അനുഭവ സമ്പത്ത് രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ബൈഡന്‍ കരുതുന്നത്.
അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സൈബര്‍ വിവരങ്ങളിലേക്ക് കടന്നുകയറിയത് റഷ്യയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ട്രംപ് ഭരണകൂടം റദ്ദാക്കിയ ഇറാന്‍ ആണവ കരാര്‍ പുനഃസ്ഥാപിക്കുമെന്നും നിയുക്ത പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബേണ്‍സിന്റെ സേവനം നിര്‍ണായകമാകും.