Connect with us

Ongoing News

കൊവിഡ് വ്യാപനം: കേരളമടക്കം നാല് സംസ്ഥാനങ്ങൾക്ക് അതിജാഗ്രതാ നിർദേശം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം രൂക്ഷമായ കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അതി ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ചത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടി വേണമെന്ന് ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചു. രാജ്യത്തെ 59 ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ നാല് സംസ്ഥാനങ്ങളിലാണ്.

മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ “ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്” തന്ത്രം കര്‍ശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണമായും പിന്തുടരാന്‍ ആളുകളെ പ്രേരിപ്പിക്കണമെന്നും ഭൂഷണ്‍ ഓരമിപ്പിച്ചു.

കൊറോണ വൈറസ് കേസുകളില്‍ മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ അടുത്തിടെ പെട്ടെന്നുള്ള വര്‍ധനയുണ്ടായി. മുന്‍കരുതലുകള്‍ നാം മറക്കരുതെന്നും കോവിഡ് -19 നെതിരായ പോരാട്ടം തുടരണമെന്നും ഇത് മുന്നറിയിപ്പ് നല്‍കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് പ്രിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയില്‍ അമ്പതിനായിരത്തോളം ആളുകളാണ് മരിച്ചത്. 52,000 ത്തോളം സജീവ കേസുകള്‍ നിലവിലുണ്ട്. ഛത്തീസ്ഡിലും ബംഗാളിലും 9,000 സജീവ കേസുകളുണ്ട്. ബംഗാളില്‍ പതിനായിരത്തോളം പേര്‍ മരണമടഞ്ഞു. ഛത്തീസ്ഗഡില്‍ ഇതുവരെ 3,500 പേര്‍ മരിച്ചു.