Connect with us

Articles

കര്‍ഷക സമരം തുറന്നുകാട്ടുന്നതെന്ത്?

Published

|

Last Updated

ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും പതിനായിരക്കണക്കിന് കര്‍ഷകര്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും പഞ്ചാബില്‍ നിന്നുള്ളവര്‍. ദില്ലി ചലോ എന്ന പേരില്‍ നടക്കുന്ന ഈ പ്രതിഷേധ സമരം ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (നവം. 26, 27) തലസ്ഥാനത്ത് എത്തിച്ചേരുമെന്ന് ഡല്‍ഹി പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കാട്ടി പോലീസ് അതിന് അനുമതി നിഷേധിക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുനൂറിലേറെ കര്‍ഷക സംഘടനകളുടെ മുന്നണിയായ അഖിലേന്ത്യാ കര്‍ഷക ഏകോപന മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് അഞ്ഞൂറിലേറെ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ഇടതുപക്ഷവും മേധാപട്കര്‍ അടക്കമുള്ള നേതാക്കളും ഈ സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ട്. കര്‍ഷകര്‍ പ്രവേശിക്കുന്ന ദേശീയ പാതകളെല്ലാം അടച്ചു കെട്ടി പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. കര്‍ഷകര്‍ക്ക് നേരേ അതിശക്തമായ പോലീസ് മര്‍ദനമാണ് അഴിച്ചുവിട്ടത്. ഇതിനെതിരെ പ്രതിപക്ഷമൊന്നടങ്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഈ അടുത്ത കാലത്ത് പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളാണ് ഈ സമരങ്ങള്‍ക്ക് തീ കൊളുത്തിയത്. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാണ്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇതിനകം ജീവനൊടുക്കിക്കഴിഞ്ഞു. മാറി മാറി നാടുഭരിച്ച കക്ഷികളെല്ലാം സ്വീകരിച്ച സാമ്പത്തിക വികസന നയങ്ങള്‍ കര്‍ഷകരെ തകര്‍ക്കുന്നവ ആയിരുന്നു. ഇതിന് പരിഹാരമെന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് പുതിയ നിയമങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍ ഇവയുടെ ലക്ഷ്യം കര്‍ഷകനെ ഭൂമിയില്‍ നിന്ന് വേര്‍പ്പെടുത്തുന്നതിനും കോര്‍പറേറ്റുകള്‍ക്ക് ഭൂമി അധീനമാക്കുന്നതിനുമാണെന്ന് കര്‍ഷകര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. കമ്പോള ജനാധിപത്യത്തിന്റെ വക്താക്കളായ നമ്മുടെ ഭരണകര്‍ത്താക്കള്‍ കൃഷിയെയും കര്‍ഷകരെയും തുറന്ന മത്സരാധിഷ്ഠിത കമ്പോളത്തിന്റെ ഔദാര്യത്തിനു വിടുകയാണ് ഇന്നുവരെ ചെയ്തത്. കൃഷി അങ്ങനെ ഒരു വ്യാപാര വ്യവസ്ഥയുടെ കീഴില്‍ നിലനില്‍ക്കില്ലെന്ന് കര്‍ഷകര്‍ തിരിച്ചറിയുന്നു. പാശ്ചാത്യ വികസിത മുതലാളിത്ത രാജ്യങ്ങളിലെ കൃഷി പോലെയല്ല ഇന്ത്യയിലെ കൃഷി. ഇന്ത്യയിലെ ജി ഡി പിയില്‍ കേവലം ആറിലൊന്ന് മാത്രം വരുന്നതാണ് കാര്‍ഷിക മേഖല. എന്നാല്‍ രാജ്യത്തെ ജനങ്ങളില്‍ മുഴുവന്‍ പേരുടെയും ഭക്ഷണവും മൂന്നില്‍ രണ്ട് പേരുടെ ജീവനോപാധികളും കൃഷിയെ ആശ്രയിച്ചാണ്. യു എസിലും മറ്റും കേവലം രണ്ട് ശതമാനം പേരാണ് കൃഷി പ്രധാന വരുമാനമായുള്ളത്. ഇവിടെ ചെറുകിട ഭൂഉടമകളാണ് മഹാ ഭൂരിപക്ഷവും. ഒപ്പം ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാത്ത വലിയൊരു വിഭാഗം കര്‍ഷകത്തൊഴിലാളികളും ഉണ്ട്. ഉത്പന്ന വില കമ്പോള വ്യവസ്ഥക്കു വിട്ടാല്‍ വന്‍ തോതില്‍ പണം ഇറക്കാന്‍ കഴിയുന്ന കോര്‍പറേറ്റുകള്‍ അതിന്റെ നിയന്ത്രണം കൈയാളും. കര്‍ഷകരുടെ രക്തം അവര്‍ ഊറ്റിക്കുടിക്കും. വിളവെടുക്കുന്ന കാലത്ത് കമ്പോളവില താഴ്ത്തി അവ ശേഖരിക്കാനും സംഭരിക്കാനും സംസ്‌കരിക്കാനും ഇവര്‍ക്ക് കഴിയും. എങ്ങനെയും വിളവുകള്‍ വിറ്റ് കടം വീട്ടേണ്ടതിനാല്‍ അവര്‍ക്ക് മറ്റു വഴികളില്ല. ഇതിനുള്ള ഒരു ചെറിയ പരിഹാരമായിരുന്നു ഉത്പന്നങ്ങളുടെ താങ്ങു വില എന്നത്. പുതിയ കേന്ദ്ര നിയമങ്ങളുടെ ഏറ്റവും പ്രധാന പ്രശ്‌നം അതില്‍ താങ്ങുവില ഉറപ്പാക്കുന്നില്ല എന്നതാണ്. ഇതാണ് കര്‍ഷകരെ രോഷാകുലരാക്കിയത്.

കൃഷി ഒരു സംസ്ഥാന വിഷയമാണ്. കാരണം ഓരോ സംസ്ഥാനവും കൃഷിയില്‍ വ്യത്യസ്തമാണ്. എന്നാല്‍ അതിനെതിരെയാണ് കേന്ദ്രം ഇങ്ങനെ നിയമങ്ങള്‍ പാസ്സാക്കിയത്. ബി ജെ പിയെ പിന്തുണക്കുന്ന അകാലിദള്‍ പോലുള്ള കക്ഷികള്‍ പോലും ഈ നിയമത്തിനെതിരെയാണ്. പഞ്ചാബ് നിയമസഭാ സമ്മേളനം ഏകകണ്ഠമായാണ് ഈ കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്തിന് ബാധകമാകാതെ വരുന്ന രീതിയില്‍ മൂന്ന് നിയമങ്ങള്‍ പാസ്സാക്കിയത്. ഇതിനു രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ശ്രമിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഇതാണ് പഞ്ചാബിലെ കര്‍ഷകര്‍ സമര രംഗത്തിറങ്ങാന്‍ കാരണം. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിര്‍ബന്ധമാക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ നിയമത്തിലെ പ്രധാന നിര്‍ദേശം. താങ്ങുവിലയില്‍ താഴെ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാക്കണം എന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. അടുത്ത പത്ത് വര്‍ഷക്കാലത്തേക്ക് പഞ്ചാബില്‍ ഉണ്ടാക്കുന്ന അരിയും ഗോതമ്പും താങ്ങുവിലക്ക് സംഭരിച്ചു കൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കണം എന്നാണ് നിയമത്തില്‍ പറയുന്നത്. ഇതൊന്നും കേന്ദ്ര സര്‍ക്കാറിന് സ്വീകാര്യമല്ല.
കര്‍ഷകര്‍ തങ്ങളുടെ ഭൂമി കോര്‍പറേറ്റുകള്‍ക്ക് പാട്ടത്തിനു നല്‍കി സ്വസ്ഥമായിരുന്നാല്‍ മതി എന്ന് അവര്‍ ഉപദേശിക്കുന്നു. അവര്‍ ആ ഭൂമിയില്‍ കുറച്ചു കാലം കൊണ്ട് വലിയ ലാഭം കിട്ടുന്ന കൃഷി ചെയ്യും. ഭൂമി നശിച്ചാല്‍ അത് കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കും. ഇതറിയാവുന്നതിനാലാണ് കര്‍ഷകര്‍ ഈ ചതിക്കുഴിയില്‍ വീഴാന്‍ മടിക്കുന്നത്. കര്‍ഷകരില്‍ നിന്ന് എല്ലാം കൊള്ളയടിച്ചിരിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ഇതിനെക്കുറിച്ച് പറഞ്ഞത്. വായ്പകള്‍ എഴുതിത്തള്ളലും ഇല്ല. മറിച്ച് സര്‍ക്കാറിന്റെ എല്ലാ സ്ഥാവരജംഗമ സ്വത്തുക്കളും വായ്പാ ഇളവുകളും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മാത്രമാക്കിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായാണ് കാണുന്നത് എന്ന് ആരോപിക്കുന്നത് അല്‍പ്പകാലം മുമ്പു വരെ മോദിയുടെ സര്‍ക്കാറില്‍ ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയായിരുന്ന ശിരോമണി അകാലിദള്‍ നേതാവ് ഹസിമ്രത് കൗര്‍ ബാദല്‍ ആണ്. ഡല്‍ഹി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമത്തെ അവര്‍ അപലപിക്കുന്നു. അവര്‍ മന്ത്രിസ്ഥാനം രാജിവെച്ചത് ഈ നിയമങ്ങളില്‍ പ്രതിഷേധിച്ചാണ്.

ഭൂമി കൃഷിക്കുപയോഗിക്കുന്നതിനാല്‍ അതിലെ ഉത്പാദന മൂല്യം കുറയുന്നു എന്നും മാളുകളും അതിവേഗ തീവണ്ടിയും ടോള്‍ ഹൈവേകളും മറ്റും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ വലിയ തോതില്‍ ലാഭം കൊയ്യാമെന്നും ഉദാര വ്യവസ്ഥയുടെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കോര്‍പറേറ്റ് പദ്ധതികളായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍, തമിഴ്‌നാട്ടില്‍ ടോള്‍ ദേശീയ പാത (സേലം – ചെന്നൈ) മുതലായവക്കുള്ള ഭൂമി ഏറ്റെടുക്കലുകള്‍ക്കെതിരെ കര്‍ഷകര്‍ ശക്തമായ പ്രക്ഷേഭങ്ങളിലാണ്. കേരളം വലിയ വിജയമായി കാണിക്കുന്ന ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കാന്‍ തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍ സമ്മതിച്ചില്ല. ഈ കര്‍ഷക സമരങ്ങളിലെല്ലാം ശക്തമായി നിലകൊള്ളുന്ന ഇടതുപക്ഷം പക്ഷേ കേരളത്തില്‍ ടോള്‍ പാതക്കും അതിവേഗ ട്രെയിനിനും വാതക പൈപ്പ് ലൈനിനും ഭൂമി ഏറ്റെടുക്കാന്‍ ഒരു മടിയും കാണിക്കുന്നില്ല. അതായത് ഭരണം കിട്ടുന്നിടത്ത് ഒരു നയം. അവിടെ കോര്‍പറേറ്റുകള്‍ക്ക് സഹായം. അല്ലാത്തിടത്തു സമരം. ഇതില്‍ ഇരട്ടത്താപ്പുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ല എന്നത് തന്നെ അവരുടെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്നു.

Latest