Connect with us

Gulf

ജി 20 ഉച്ചകോടിക്ക് നാളെ റിയാദില്‍ തുടക്കമാവും

Published

|

Last Updated

റിയാദ് | 15 ാമത് ജി- 20 ഉച്ചകോടിക്ക് നാളെ തുടക്കമാവും. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെ അധ്യക്ഷതയില്‍ സഊദി തലസ്ഥാനമായ റിയാദിലാണ് ഉച്ചകോടി നടക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സമ്മേളനം. “21-ാം നൂറ്റാണ്ടിന്റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍” എന്ന ശീര്‍ഷകത്തിലാണ് ഈ വര്‍ഷത്തെ ഉച്ചകോടി നടക്കുന്നത്. ആദ്യമായാണ് പശ്ചിമേഷ്യന്‍ രാജ്യമായ സഊദി അറേബ്യ ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത് എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ ഉച്ചകോടിക്കുണ്ട്. അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏക രാഷ്ട്രവും സഊദിയാണ്.

ഇന്ത്യയില്‍ നിന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ്, റഷ്യയുടെ വ്ളാദിമിര്‍ പുടിന്‍, യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം എതിരായ സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല

ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ഇന്ത്യ, ചൈന, ജപ്പാന്‍, സഊദി തുടങ്ങിയ 20 രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങള്‍. 2019 ല്‍ ജപ്പാനില്‍ വച്ചു നടന്ന 14ാമത് ഉച്ചകോടിയിലാണ് സഊദി അറേബ്യക്ക് 2020 ലെ ഉച്ചകോടിയുടെ അധ്യക്ഷ പദവി ലഭിച്ചത്.

---- facebook comment plugin here -----

Latest