Connect with us

Kerala

ഒമ്പതര വര്‍ഷം മേയര്‍ പദവിയില്‍; ചരിത്രം കുറിച്ച് തോട്ടത്തില്‍ രവീന്ദ്രന്‍

Published

|

Last Updated

കോഴിക്കോട് | ഏറ്റവും കൂടുതല്‍ കാലം കോഴിക്കോട് നഗരസഭയുടെ മേയര്‍ പദവിയിലിരുന്ന് ചരിത്രം സൃഷ് ടിച്ച തോട്ടത്തില്‍ രവീന്ദ്രന്‍ ഇനി മത്സര രംഗത്തേക്കില്ല. “ഇനി മതി, പുതിയ ആളുകള്‍ വരട്ടെ-” ഇതാണ് പുതിയ മത്സരത്തെക്കുറിച്ച് രവീന്ദ്രന്റെ മറുപടി.
ഒമ്പതര വര്‍ഷമാണ് രവീന്ദ്രന്‍ കോഴിക്കോട് നഗരസഭയുടെ മേയര്‍ പദവിയിലിരുന്നത്. 1979ല്‍ ബിലാത്തിക്കുളത്ത് നിന്ന് കൗണ്‍സിലറായ തോട്ടത്തില്‍ രവീന്ദ്രന്‍ പിന്നീട് അഞ്ച് തവണയാണ് കൗണ്‍സിലര്‍ കുപ്പായമണിഞ്ഞത്. 1995 മുതല്‍ 2000 വരെയുള്ള കാലയളവില്‍ ഡെപ്യൂട്ടി മേയറായിരുന്ന അദ്ദേഹം 2000-2005 കാലഘട്ടത്തിലാണ് ആദ്യമായി മേയറായത്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെയര്‍മാനായ അദ്ദേഹം 2016ല്‍ വീണ്ടും മേയറുടെ ഗൗണ്‍ അണിഞ്ഞു. അന്ന് നഗരപിതാവായി അവരോധിതനായ വി കെ സി മമ്മദ്‌കോയ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം എല്‍ എയായ സാഹചര്യത്തിലായിരുന്നു തോട്ടത്തിലിനെ തേടി മേയര്‍ പദവിയെത്തിയത്. 1995ല്‍ മേയറായിരുന്ന പ്രൊഫ. എ കെ പ്രേമജം എം പി യായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രണ്ട് മാസം മേയറുടെ ചുമതല വഹിച്ചതും തോട്ടത്തില്‍ തന്നെയായിരുന്നു.

2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതല വഹിച്ചിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ അവിടെയും തിളങ്ങിയിരുന്നു. ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു.

ഇന്നലെ തന്റെ കൗണ്‍സിലര്‍മാരെയും കൂട്ടി ഗ്രൂപ്പ് ഫോട്ടോയെടുത്ത ശേഷമാണ് തോട്ടത്തില്‍ രവീന്ദ്രന്‍ കൗണ്‍സില്‍ ഹാളിന്റെ പടിയിറങ്ങിയത്. കോഴിക്കോടിന്റെ വികസന മുഖച്ഛായക്ക് നിറം പകരാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെന്ന് പറയുമ്പോള്‍ അദ്ദേഹം ശരിക്കും വികാരാധീനനാകുന്നുണ്ട്. തോട്ടത്തില്‍ ആദ്യമായി മേയറായിരുന്ന 2000-2005 കാലഘട്ടത്തിലായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ മികച്ച കോര്‍പറേഷനുള്ള സ്വരാജ് ട്രോഫി ഈ നഗരസഭയെ തേടിയെത്തിയത്. ഷീ ലോഡ്ജ്, തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പൂളക്കടവിലെ എ ബി സി സെന്റര്‍, കെട്ടിട നിര്‍മാണത്തിന് ഓണ്‍ലൈന്‍ സംവിധാനം എന്നിവയെല്ലാം തോട്ടത്തില്‍ രവീന്ദ്രന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികളാണ്.

കല്ലുത്താന്‍കടവിലെ കോളനിയില്‍ ദുരിതം പേറി താമസിച്ചിരുന്നവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചുനല്‍കാനായതാണ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും വലിയ കാര്യമായി കാണുന്നതെന്ന് അദ്ദേഹം പറയുന്നു. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് സമീപം പുതുതായി സ്ഥാപിച്ച എസ്‌കലേറ്റര്‍ കം ഫൂട്ട് ഓവര്‍ബ്രിഡ്ജും അദ്ദേഹത്തിന്റെ ഭരണകാലത്തിന് തിളക്കമേകുന്നതാണ്.

പ്രതിപക്ഷത്തിന്റെയും ഉദ്യോഗസ്ഥരുടെയും അവസരത്തിനൊത്ത സഹകരണമാണ് നഗരസഭയില്‍ കൊവിഡ് കാലത്തടക്കം ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിച്ചതെന്നാണ് മേയറുടെ പക്ഷം. തിരുവനന്തപുരത്ത് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ചുമതല വഹിച്ചിരുന്ന കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസിനെ കോഴിക്കോട്ടെത്തിച്ചതും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ ഇടപെടല്‍ കാരണമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കവേ കൗണ്‍സിലര്‍മാരെ ഒന്നിച്ചിരുത്തി ഗ്രൂപ്പ് ഫോട്ടോയെടുക്കാനും ഒപ്പം ഭക്ഷണം കഴിച്ചുപിരിയാനുമുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി പ്രകാരമായിരുന്നു ഇന്നലെ കൗണ്‍സിലിന്റെ അവസാനത്തെ യോഗം. ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് അഡ്വ. പി എം സുരേഷ്ബാബു, ഡപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് നമ്പിടി നാരായണന്‍, കിഷന്‍ചന്ദ്, പത്മനാഭന്‍, ആശ ശശാങ്കന്‍, ഉഷാദേവി ടീച്ചര്‍, സി അബ്ദുര്‍റഹ്മാന്‍, ബാബുരാജ്, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് സംസാരിച്ചു.