Connect with us

Articles

കാണൂ, സംഘ്പരിവാര്‍ മാതൃകാ രാജ്യം!

Published

|

Last Updated

ബി ജെ പിയുടെ “മോദി മോഡല്‍” പുതിയ അവതാരമാകാനുള്ള യോഗ്യതകളെല്ലാം തനിക്കുണ്ടെന്ന് നേരത്തേ തെളിയിച്ചിട്ടുള്ള ആളാണ് യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ ബി ജെ പി അധികാരത്തിലേക്ക് നടന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമാഭാരതി അടക്കമുള്ള നേതാക്കളെ മറികടക്കാന്‍ ഇയാളുടെ യോഗ്യത എന്തായിരുന്നു? യോഗി ആണെന്നതോ കാഷായ വസ്ത്രം ധരിക്കുന്നുണ്ടെന്നതോ ആയിരുന്നില്ല, മറിച്ച് കൂട്ടത്തില്‍ ഏറ്റവും തീവ്രമായി വര്‍ഗീയത പറയാനാകുമെന്ന് തെളിയിച്ചതിനാലായിരുന്നു. ഖോരഖ്പൂരില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്ന ഇയാള്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം മുസ്‌ലിംകളെ നോക്കി വിളിച്ച ഒരു മുദ്രാവാക്യം, ഒന്നുകില്‍ പാക്കിസ്ഥാനിലേക്ക് പോകുക, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ഖബര്‍സ്ഥാനിലേക്ക് അയക്കാം എന്നായിരുന്നു.

ഇല്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ ഭയം സൃഷ്ടിച്ച്, പിന്നാക്ക ജാതിക്കാരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് ഹേതു മുസ്‌ലിംകളാണെന്ന് പ്രചരിപ്പിച്ച് ഹിന്ദു ഏകതയെന്ന പുകമറയുണ്ടാക്കി മുസ്‌ലിംകളെ അപരവത്കരിച്ചുണ്ടാക്കിയ വിജയമായിരുന്നു ബി ജെ പിയുടേത്.

ഖോരഖ്പൂരില്‍ എം പിയായിരിക്കെ ഓക്‌സിജന്‍ കിട്ടാതെ കുറെയധികം നവജാത ശിശുക്കള്‍ അവിടെ മരണപ്പെടുകയുണ്ടായി. അത് ചോദ്യം ചെയ്ത ഡോ. കഫീല്‍ ഖാനെ മുഖ്യമന്ത്രിയായതിന് ശേഷം പിന്തുടര്‍ന്ന് വേട്ടയാടിയ ആളാണ് യോഗി. തനിക്കെതിരെ ചോദ്യമുയര്‍ത്തുന്നവരെ ഇല്ലാതാക്കാന്‍ ഏതറ്റം വരെ പോകാനും മടിയില്ലാത്തയാള്‍. സംസ്ഥാനത്തുടനീളം നിയമവാഴ്ചയെ യുവവാഹിനി അടക്കമുള്ള സംഘ്പരിവാര്‍ തീവ്രവാദ സംഘടനകള്‍ക്ക് പിന്‍വാതിലിലൂടെ ഏല്‍പ്പിച്ചു നല്‍കിയ മുഖ്യമന്ത്രി കൂടിയാണയാള്‍. സര്‍ക്കാര്‍ കണക്കുകള്‍ നോക്കി ഉത്തര്‍ പ്രദേശിലെ കുറ്റകൃത്യങ്ങളുടെയും നിയമവാഴ്ചയുടെയും സ്ഥിതി നോക്കുന്നത് തന്നെ അബദ്ധമാണ് എന്ന് പറയേണ്ടിവരും. അവിടെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ അധികവും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്നു എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അനുബന്ധ സംഘടനകളുടെയും വാദം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ജാതീയ ആക്രമണങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റങ്ങള്‍ എന്നിങ്ങനെയെല്ലാം അനുവദനീയമാകുന്ന “ജംഗിള്‍ രാജ്” തന്നെയാണ് ഇന്നത്തെ യു പി.

ഉത്തരേന്ത്യയില്‍ ഇന്ത്യന്‍ ഭരണഘടനയെയും മറികടന്ന് ബദല്‍ നിയമ സംവിധാനം നടപ്പാക്കുന്ന ഖാപ്പ് പഞ്ചായത്തുകളും ജാതീയ കോടതികളും ഏറെയുണ്ടെന്ന് അറിയാത്തവരില്ലല്ലോ. ഹാഥ്‌റസിലെ ക്രൂരമായ ബലാത്സംഗ കൊലക്കും യോഗി പോലീസിന്റെ കൊടും ക്രൂരതക്കും ശേഷം പ്രതികളുടെ ജാതിയില്‍പ്പെട്ട ഉയര്‍ന്ന ജാതിക്കാര്‍ ബി ജെ പി നേതാക്കളുടെ വീട്ടില്‍ യോഗം ചേരുന്നതും ഇരയുടെ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കുന്നതുമൊക്കെ നമ്മോട് പറയുന്നത്, നേരത്തേ പറഞ്ഞ കാട്ടുനീതിയുടെ, ജാതീയതയുടെ നിയമ വാഴ്ചക്ക് യോഗിയും പ്രസ്ഥാനവും കൈമെയ് മറന്ന് സഹായിക്കുന്നുണ്ടെന്നല്ലേ? ഹാഥ്‌റസില്‍ നടന്നത് ഒരു അന്താരാഷ്ട്ര ഗൂഢാലോചനയെന്നാണ് യോഗിയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. സ്വന്തം മകളുടെ മൃതദേഹം വിട്ടുകിട്ടാത്ത, പോലീസുകാര്‍ കൊണ്ടുപോയി കത്തിച്ചു കളയുന്ന, ജില്ലാ മജിസ്ട്രേറ്റ് വന്ന് ഭീഷണിപ്പെടുത്തുന്ന, മകളെ ബലാത്സംഗം ചെയ്ത പ്രതികളുടെ സാന്നിധ്യത്തില്‍ കസേരയിട്ടിരുന്ന് പോലീസ് ഭീഷണി മുഴക്കുന്നത് കേള്‍ക്കേണ്ടി വരുന്ന, തങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്ന രാഷ്ട്രീയക്കാരെ, നിയമജ്ഞരെ, മാധ്യമ പ്രവര്‍ത്തകരെ തടയുന്ന, തള്ളിയിടുന്ന, കടന്നുപിടിക്കുന്ന ഒരു വ്യവസ്ഥക്ക് നേരേ നീതി ആഗ്രഹിക്കുന്ന, അഭിമാന ബോധമുള്ള ഒരു കുടുംബം ഇത്തിരി വെട്ടത്തില്‍, വീട്ടുതടങ്കലില്‍, അരപ്പട്ടിണിയില്‍ നടത്തുന്ന അന്താരാഷ്ട്ര ഗൂഢാലോചന! താന്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഒരു ദൗര്‍ഭാഗ്യകരമായ സംഭവം നടന്നാല്‍ അന്വേഷിക്കുമെന്ന് പറയുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരന്‍ പോലുമല്ല അയാള്‍.

ദളിതുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2018- 2019 കാലഘട്ടത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതികളില്‍ 44 ശതമാനവും ഉത്തര്‍ പ്രദേശില്‍ നിന്നാണ്. ഓരോ ദിവസവും 32 കേസുകളെങ്കിലും ഉത്തര്‍ പ്രദേശില്‍ രേഖപ്പെടുത്തുന്നത് മാത്രമായി ഉണ്ടെങ്കില്‍ യഥാര്‍ഥ കണക്കുകള്‍ എത്രയായിരിക്കും! സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ യോഗി സര്‍ക്കാര്‍ കുറച്ചിട്ടുണ്ടെന്നും കേരളത്തിലേതിനേക്കാള്‍ കുറവാണ് യു പിയിലെ ബലാത്സംഗ കുറ്റങ്ങളുടെ തോതെന്നും പ്രചരിപ്പിക്കുന്നവര്‍ യു പിയിലൂടെ സഞ്ചരിക്കണം. അതുമല്ലെങ്കില്‍, പത്രപ്രവര്‍ത്തകര്‍ നടുറോഡില്‍ മരണപ്പെടുന്നതും തുടരെത്തുടരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ശ്രദ്ധിക്കണം. വേണ്ട, യോഗിയുടെ പേരില്‍ ഇതുവരെയുള്ള ക്രിമിനല്‍ കേസുകള്‍ എത്രയാണെന്ന് നോക്കിയാലും മതി. ഹാഥ്‌റസിലും ഉന്നാവോയിലും നടന്ന ബലാത്സംഗ ആക്രമണങ്ങളില്‍ ഇയാളുടെ നിലപാടെന്തായിരുന്നു എന്നന്വേഷിച്ചാലും മതിയാകും.

ആരെയും എപ്പോഴും ഒരു വാറണ്ടും കടലാസുമില്ലാതെ അറസ്റ്റ് ചെയ്ത് തടവില്‍ വെക്കാവുന്ന കരിനിയമം പുതിയതൊന്ന് ചുട്ടെടുത്തിട്ടുണ്ട് യോഗി ആദിത്യനാഥ്. എന്‍ എസ് എ, യു എ പി എ തുടങ്ങിയവക്ക് ഒരു കുറവുമില്ലാത്ത കാലത്താണ് ഇനിയൊരെണ്ണം എന്നോര്‍ക്കണം. സി എ എ വിരുദ്ധ സമരത്തിനിടെ യോഗിയുടെ പോലീസ് എത്ര പേരെയാണ് വെടിവെച്ചു കൊന്നത്. അക്രമമുണ്ടാക്കുന്നതും അതിന്റെ പേരില്‍ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുന്നതും യോഗിയുടെ പോലീസാണ്. ഇത് നേരില്‍ ബോധ്യപ്പെട്ടതിനാലാണ് പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോഗി പോലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. എതിര്‍ ശബ്ദങ്ങളോട് യോഗിക്കുള്ള അസഹിഷ്ണുത എന്ന ചര്‍ച്ച തന്നെ നേരം കളയലാകും. ദി വയറിന്റെ മുഖ്യ പത്രാധിപര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ എഫ് ഐ ആര്‍ എഴുതിയത് സര്‍ക്കാറിനെ വിമര്‍ശിച്ച കാരണത്താല്‍. സംസ്ഥാനത്ത് പലയിടങ്ങളിലും സി എ എ വിരുദ്ധ സമരക്കാരുടെ ഫോട്ടോയും പേരുവിവരങ്ങളും പ്രദര്‍ശിപ്പിച്ചതിന് അലഹാബാദ് കോടതി ഒരു തവണ യോഗിയുടെ ചെവിക്ക് പിടിച്ചതാണ്.

എല്ലാം കൊണ്ടും സംഘ്പരിവാറിന് മനംനിറക്കുന്ന ഭരണമാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശിലുള്ളത്. വേണ്ടുവോളം ജാതീയതയുണ്ട്. അവര്‍ക്കാവശ്യമുള്ളതിലേറെ സമൂഹം വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീവിരുദ്ധവും പുേരാഗമന വിരുദ്ധവുമായ നടപടികളും നയങ്ങളുമുണ്ട്. കുഗ്രാമത്തിലുള്ള ജനങ്ങളെ കബളിപ്പിക്കാന്‍ പാകത്തിന് നോയിഡയില്‍ കാണിച്ചുകൂട്ടുന്ന വികസന പദ്ധതികളുണ്ട്. എല്ലാത്തിലുമുപരി യോഗി മുഖ്യനായുണ്ട്.
ഐ ടി സെല്ലും മാധ്യമങ്ങളും പൂവിട്ട് പൂജിച്ചുനടന്ന ഉത്തര്‍ പ്രദേശ് എന്ന സംഘ്പരിവാര്‍ കോട്ടയാണ് ഹാഥ്‌റസിലെ ക്രൂരതക്ക് ശേഷം തകര്‍ന്നുതുടങ്ങിയിട്ടുള്ളത്. എത്രമേല്‍ തടയാന്‍ ഒരുമ്പെട്ടിട്ടും എല്ലാ ബാരിക്കേഡുകളും തള്ളിമാറ്റി രാഹുലും പ്രിയങ്കയും പിന്നീട് ചന്ദ്രശേഖര്‍ ആസാദും ഇന്നലെ സീതാറാം യെച്ചൂരിയും കയറിച്ചെന്നത് ഇരുട്ടുകൊണ്ട് കെട്ടിയ കോട്ടകള്‍ നീതിയുടെ വെളിച്ചത്താല്‍ ഭേദിക്കുമെന്ന് വിളംബരം ചെയ്തുകൊണ്ടാണ്. യു എന്‍ രക്ഷാ സമിതിയിലെ പ്രസംഗം മുതല്‍ അടല്‍ ടണലിന്റെ ഉദ്ഘാടനം അടക്കം എല്ലാം രാഹുല്‍ തരംഗത്തില്‍ ഒലിച്ചുപോകാന്‍ കാരണക്കാരനായത് യോഗിയാണല്ലോ എന്ന് പ്രധാനമന്ത്രിക്ക് തോന്നിയാല്‍ ചിലതൊക്കെ നടക്കും. മാധ്യമ ശ്രദ്ധ നഷ്ടപ്പെടുന്നതിനേക്കാള്‍ മോദിക്ക് വേദനിക്കുന്ന വേറെ ഒന്നുമില്ലല്ലോ.

ടി എന്‍ പ്രതാപന്‍ എം പി

---- facebook comment plugin here -----

Latest