Connect with us

Kerala

എം പിമാര്‍ നിഴല്‍ യുദ്ധം നടത്തരുത്; സമരം നിര്‍ത്തിയതിനെ വിമര്‍ശിച്ച മുരളീധരന് മറുപടിയുമായി മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരായ സമരം അവസാനിപ്പിച്ചതില്‍ തെറ്റില്ലെന്ന നിലപാടുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തിന്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. ആരെയും ഭയപ്പെടുന്നില്ല. അങ്ങിനെ കരുതുന്നവര്‍ക്ക് തെറ്റി. സംഘടനാപരമായ വിവാദങ്ങള്‍ക്കില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.സര്‍ക്കാറിനെതിരായ സമരം നിര്‍ത്തിയതിനെ കെ മുരളീധരന്‍ എംപി വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

എം പിമാര്‍ നിഴല്‍ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണം. അപസ്വരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ബാധിക്കില്ല. മുരളീധരന്‍ കണ്‍വീനറാകാന്‍ താത്പര്യം പ്രകടിപ്പിച്ചതായി അറിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രചരണ സമിതിയുടെ പ്രസക്തി കഴിഞ്ഞു. കൂട്ടായ ചര്‍ച്ചയില്ലെന്ന മുരളിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ തുടരെയുള്ള ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് സമരം നിര്‍ത്താനുള്ള തീരുമാനം സ്വീകരിച്ചത്. അതിന് രാഷ്ട്രീയ കാര്യ സമിതി ചേരുന്നത് പ്രായോഗികമല്ല. ഗ്രൂപ്പിനതീതമായ സഹകരണം പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്നുണ്ട്. അനുകൂല സാഹചര്യം ആരും നശിപ്പിക്കരുത്. പരസ്യ പ്രസ്താവന വിലക്കുന്ന നടപടിയല്ല പരിഹാരം. കേന്ദ്ര നേതൃത്യം എല്ലാം നിരീക്ഷിക്കുന്നുണ്ട്. മുരളിയുമായി അടുത്ത ബന്ധമാണ് തനിക്കുള്ളത്. വ്യക്തിപരമായി പരാതി ഉണ്ടാകാനിടയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സമരം നിര്‍ത്തുകയല്ല, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമരരീതിയിലേക്ക് പാര്‍ട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് മുരളീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Latest