Connect with us

Gulf

കുവൈത്ത് അമീറിന് യാത്രാ മൊഴി

Published

|

Last Updated

കുവൈത്ത് സിറ്റി | അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ നടന്നു. സുലൈബീഖാത്ത് ഖബര്‍സ്ഥാനില്‍ വൈകുന്നേരത്തോടെയാണ് ഖബറടക്കം നടന്നത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് അമേരിക്കയില്‍ നിന്നും കുവൈത്ത് എയര്‍ വേയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ മയ്യിത്ത് കുവൈത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്നും മയ്യിത്ത് നേരെ ജുനൂബ് സുറയിലെ മസ്ജിദ് അല്‍ ബിലാല്‍ അല്‍ റബീഹിലേക്കാണു കൊണ്ടുപോയത്. അവിടെ മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ച ശേഷം സുലൈബിക്കാത്ത് ഖബര്‍സ്ഥാനില്‍ മയ്യിത്ത് എത്തിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹ്, പ്രധാന മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, പാര്‍ലിമെന്റ് സ്പീക്കര്‍ മര്‍സ്സൂഖ് അല്‍ ഘാനം, അമീറിന്റെ മൂത്ത മകനും മുന്‍ പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹമദ്, മക്കള്‍, സഹോദരങ്ങള്‍, മന്ത്രിമാര്‍, രാജ കുടുംബത്തിലെ പ്രമുഖര്‍ മുതലായവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ചൊവ്വാഴ്ചയാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വച്ച് മരണമടഞ്ഞത്.

കുവൈത്ത് ഔഖാഫിന്റ നിര്‍ദേശ പ്രകാരം രാജ്യത്തെ മുഴുവന്‍ പള്ളികളിലും ഇന്നലെ മഗ്‌രിബ് നിസ്‌കാരാനന്തരം മയ്യിത്ത് നിസ്‌കാരം നടന്നു. നിസ്‌കാരത്തിന് എത്തിയ സ്വദേശികളേയും വിദേശികളേയും കൊണ്ട് പള്ളികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി ടൗണുകളില്‍ കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നിരുന്നു.

Latest