National
അതിര്‍ത്തി രഹസ്യങ്ങള്‍ ചൈനീസ് സേനക്ക് ചോര്‍ത്തി നല്‍കി; ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി | രാജ്യാതിര്‍ത്തിയിലെ സൈനിക വിന്യാസത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈനീസ് സൈന്യത്തിന് ചോര്‍ത്തി നല്‍കിയ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രാജീവ് ശര്‍മ എന്നയാളാണ് അറസ്റ്റിലായത്. ഒരു ചൈനീസ് യുവതിയെയും അവളുടെ നേപ്പാളിലെ സഹകാരിയെയും ഇയാളോടൊപ്പം അറസ്റ്റ് ചെയ്തതായും ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
ഡല്‍ഹിയിലെ പിറ്റാംപുരയില്‍ താമസിച്ചിരുന്ന ഇയാളെ തിങ്കളാഴ്ചയാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. ചൈനീസ് ഇന്റലിജന്‍സാണ് പിഐബിയുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകനെ ചാരവൃത്തിക്ക് നിയോഗിച്ചത്. പ്രതിരോധവുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഇയാളുടെ പക്കലുണ്ടെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ യഥാസമയം പങ്കുവെക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു.
തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിന് രാജീവ് ശര്‍മയ്ക്ക് ചൈന വന്‍ തുക നല്‍കിയതായി പോലീസ് പറയുന്നു. ചെെന ഓരോ വിവരത്തിനും ശര്‍മ്മയ്ക്ക് 1,000 ഡോളര്‍ നല്‍കുന്നുണ്ടെന്നും ഒന്നര വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം ഡോളര്‍ ഇയാള്‍ക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ചൈനയുടെ ഗ്ലോബല്‍ ടൈംസിനായി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹം എഴുതിയതായും 2016 ല്‍ ചൈനീസ് ഏജന്റുമാരുമായി ബന്ധപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായി.
ജൂണ്‍ 15 ന് ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി വരുന്നതിനിടെയാണ് ചാരവൃത്തിക്ക് മാധ്യമപ്രവര്‍ത്തകന്‍ പിടിയിലായത്.





