Connect with us

International

'നീ പിശാചിന്റെ സന്തതി, തീ മാത്രമാണ് നിന്നെ കാത്തിരിക്കുന്നത്': കടുത്ത വാക്കുകള്‍ കേട്ടിട്ടും കുലുക്കമില്ലാതെ കൊലയാളി

Published

|

Last Updated

വെല്ലിംഗ്ടണ്‍ | ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് കോടതിയില്‍ തനിക്കെതിരെ കടുത്ത വാക്ശരങ്ങളുതിരുമ്പോഴും അതിക്രൂരനായ ആ കൊലയാളിയുടെ മുഖത്ത് നിറഞ്ഞു നിന്നത് തികഞ്ഞ നിര്‍വികാരത. 2019 മാര്‍ച്ച് 15 ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളികളില്‍ കുട്ടികളുള്‍പ്പെടെ 51 പേരെ വെടിവച്ചു കൊന്ന ആസ്‌ത്രേലിയക്കാരനായ ബ്രന്റന്‍ ടാറന്റ് ആണ് കോടതിയില്‍ ഒരു കുലുക്കവുമില്ലാതെ നിന്നത്.
ക്രൈസ്റ്റ് ചര്‍ച്ചിലെ കൂട്ടക്കൊലക്കു പുറമെ, 40 കൊലപാതക ശ്രമങ്ങള്‍, ഭീകരവാദക്കുറ്റം തുടങ്ങിയവയാണ് 29 വയസ്സു മാത്രമുള്ള ടാറന്റിനെതിരേ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങളെല്ലാം പ്രതി കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. ബ്രന്റന്‍ ടാറന്റിന്റെ വിചാരണയുടെ മൂന്നാം ദിവസമായിരുന്നു ബുധനാഴ്ച. നാളെ കൂടി വിചാരണ നടത്തി കോടതി വിധി പ്രസ്താവിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരുക്കേറ്റവരുമെല്ലാം കോടതിയിലെത്തി കാര്യങ്ങള്‍ വിശദമാക്കിയിരുന്നു.

അതിക്രൂരനായ മനുഷ്യന്‍ എന്നാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരന്‍ മുഖാദ് ഇബ്‌റാഹിമിന്റെ പിതാവ് ഏഡന്‍ ദിരിയ പ്രതിയെ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് മുഖാദ് ഇബ്‌റാഹിം. തന്റെ മകനെ കൊന്ന ഇയാള്‍ അവനെ മാത്രമല്ല, ന്യൂസിലന്‍ഡിനെ മുഴുവനുമാണ് കൊന്നതെന്ന് മുഖാദ് ഏഡന്‍ ദിരിയ കോടതിയില്‍ പറഞ്ഞു. ക്രൂരരില്‍ ക്രൂരനായ കൊലയാളീ, നിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ക്രൈസ്റ്റ് ചര്‍ച്ച് സമൂഹം കൂടുതല്‍ ഒറ്റക്കെട്ടാവുകയാണ് ചെയ്തത്. ഞങ്ങളുടെ വിശ്വാസം കൂടുതല്‍ ദൃഢമായി. ശരിയായ നീതി അടുത്ത ജന്മത്തില്‍ നിന്നെ കാത്തിരിക്കുന്നുണ്ട്. അത് ഏറെ കഠിനമായിരിക്കും. ഒരിക്കലും പൊറുക്കാനാകാത്തതാണ് നിന്റെ ക്രൂര കൃത്യങ്ങള്‍.”- വിതുമ്പിക്കരഞ്ഞുകൊണ്ട് ദിരിയ പറഞ്ഞു.

“തന്റെ സഹോദരനെ വെടിയുണ്ടക്കിരയാക്കിയ ബ്രണ്ടന്‍ പിശാചിന്റെ സന്തതിയാണെന്ന് ഹസ്മിനെ മുഹമ്മദ്‌സെന്‍ എന്ന സ്ത്രീ പറഞ്ഞു. തീ മാത്രമാണ് നിന്നെ കാത്തിരിക്കുന്നതെന്ന് ബ്രന്റന്റെ ആക്രമണത്തില്‍ പിതാവിനെ നഷ്ടപ്പെട്ട അഹാദ് നബി എന്ന യുവാവ് പ്രതികരിച്ചു. “നീ ഒരു മനുഷ്യനല്ല, മൃഗം പോലുമല്ല, മൃഗങ്ങളെ കൊണ്ട് ഈ ലോകത്തിന് ഒരുപാട് ഗുണങ്ങളുണ്ട്” എന്ന് ആക്രമണത്തില്‍ പരുക്കേറ്റ മുസ്തഫ ബോസ്ടാസ് പറഞ്ഞു.

 

Latest