Connect with us

Covid19

73 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ സൗജന്യ കൊവിഡ് വാക്‌സിന്‍; സത്യാവസ്ഥയറിയാം

Published

|

Last Updated

മുംബൈ | 73 ദിവസത്തിനുള്ളില്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എസ് എസ് ഐ). നിലവില്‍ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍, ആസ്ട്രസെനികയുമായി സഹകരിച്ച് സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്നുണ്ട്.

കൊവിഷീല്‍ഡ് നിര്‍മിക്കാനും ഭാവിയിലെ ഉപയോഗത്തിന് സംഭരിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. പരീക്ഷണം വിജയകരമാണെന്ന് തെളിഞ്ഞതിനും ആവശ്യമായ അംഗീകാരം ലഭിച്ചതിനും ശേഷം കൊവിഷീല്‍ഡ് വാണിജ്യാടിസ്ഥാനത്തിലാക്കുമെന്നും കമ്പനി അറിയിച്ചു.

പൂര്‍ണമായും കാര്യക്ഷമമാണെന്ന് തെളിഞ്ഞാല്‍ വാക്‌സിന്‍ ഔദ്യോഗികമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് അറിയിക്കുമെന്നും ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകരായ സിറം അറിയിച്ചു. നിലവില്‍ കൊവിഷീല്‍ഡിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് രജിസ്റ്റര്‍ ചെയ്യുകയും ആഗസ്റ്റ് മൂന്നിന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ആരോഗ്യവാന്മാരായ 1600 പേരിലാണ് പരീക്ഷണം നടത്തുക.