International
ദാവൂദ് ഇബ്രാഹീം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; വിലാസം പുറത്തുവിട്ടു

ന്യൂഡല്‍ഹി | അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് ഭരണകൂടം. ദാവൂദ് ഇബ്രാഹീം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ദാവൂദ് ഇബ്രാഹീമിന് അഭയം നല്‍കിയെന്ന ആരോപണം വര്‍ഷങ്ങളായി നിഷേധിക്കുന്ന പാക്കിസ്ഥാന്‍ ഇതാദ്യമായാണ് അയാള്‍ തങ്ങളുടെ രാജ്യത്തുണ്ടെന്ന് വെളിപ്പെടുത്തുന്നത്. ദാവൂദിനെ കൂടാതെ ഹാഫിസ് സഈദ്, മസൂദ് അസ്ഹര്‍ തുടങ്ങിവര്‍ക്ക് എതിരെയും നടപടിയെടുത്തതായി പാക്കിസ്ഥാന്‍ വ്യക്തമാക്കി.
തീവ്രവാദികളെ പണം നല്‍കി സംരക്ഷിക്കുന്നുന്നെ ആരോപണത്തെ തുടര്‍ന്ന് പാരീസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് 2018 ജൂണില്‍ പാക്കിസ്ഥാനെ ചാരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തീവ്രവാദികള്‍ക്ക് എതിരെ 2019 ഡിസംബറിനകം ശക്തമായ നടപടിയെടുക്കാന്‍ എഫ് എ ടി എഫ് പാക്കിസ്ഥാന് നിര്‍ദേശം നല്‍കുകയും ചെയ്തു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ സമയപരിധി പിന്നീട് നീട്ടി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് തീവ്രവാദികളുടെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയത്.
88 നിരോധിത ഭീകരസംഘനകളുടെയും നേതാക്കളുടെയും പട്ടികയാണ് പാക്കിസ്ഥാന്‍ പുറത്തിറക്കിയത്. ദാവൂദ് ഇബ്രാഹീമിനും ഹാഫിസ് സഈദിനും മസൂദ് അസ്ഹറിനുമെതിരെ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പെടുത്തിയതായും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തതായും പാക്കിസ്ഥാന്‍ വെളിപ്പെടുത്തി.
കറാച്ചിയിലെ ക്ലിഫ്റ്റണില്‍, സഊദി മോസ്‌കിന് സമീപം വൈറ്റ് ഹൗസ് എന്നാണ് പട്ടികയില്‍ ദാവൂദ് ഇബ്രാഹീമിന്റെ വിലാസം നല്‍കിയിരിക്കുന്നത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖയ സൂത്രധാരനായ ദാവൂദ് ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളിയാണ്.