Connect with us

National

തിരുവനന്തപുരം വിമാനത്താവളം ആദാനി ഗ്രൂപ്പിന് നല്‍കിയതിനെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ആദാനി ഗ്രൂപ്പിന് നല്‍കിയതിനെ ന്യായീകരിച്ചും കേരള സര്‍ക്കാറിനെ കുറ്റപ്പെടുത്തിയും കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്ത്. അന്താരാഷ്ട്ര ലേലനടപടികളില്‍ കേരള സര്‍ക്കാര്‍ യോഗ്യത നേടിയില്ലെന്ന് മന്ത്രി ട്വിറ്ററില്‍ പറഞ്ഞു.

അഹമ്മദാബാദ്, ലഖ്‌നോ, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നീ ആറ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, പരിപാലനം, വികസനം എന്നിവ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പാട്ടത്തിന് നല്‍കുന്നതിന് 2018ലാണ് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയത്.
ഇതില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ നടത്തി പരിചയമുള്ളതിനാല്‍ സംസ്ഥാനത്തിനെ പ്രത്യേകമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം.

2018 ഡിസംബര്‍ നാലിന് കേരളം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപവത്കരിച്ച് സംസ്ഥാന സര്‍ക്കാരറിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്.

റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ എസ് ഐ ഡി സി) ബിഡ്ഡിന്റെ 10 ശതമാനം പരിധിക്കുള്ളില്‍ വന്നാല്‍ അവര്‍ക്ക് നല്‍കുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. പക്ഷേ ബിഡ്ഡുകള്‍ തുറക്കുമ്പോള്‍ കെ എസ് ഐ ഡി സിയും ലേലം വിജയിച്ചവരും തമ്മില്‍ 19.64 ശതമാനത്തിന്റെ വ്യത്യാസമുണ്ടായിരുന്നു.

ഒരു യാത്രക്കാരന് 135 രൂപവീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നാണ് കേരളം മുന്നോട്ടുവെച്ചത്. എന്നാല്‍ ലേലം വിജയിച്ചയാള്‍ 168 രൂപയാണ് വാഗ്ദാനം ചെയ്തത്. യോഗ്യത നേടിയ മൂന്നാമത്തെ ബിഡ്ഡര്‍ 63 രൂപയും മുന്നോട്ട് വെച്ചു. അതിനാല്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ നല്‍കിയിട്ടും കേരളത്തിന് ലേലത്തില്‍ യോഗ്യത നേടാനായില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.