Connect with us

Kerala

അതിന് ശേഷം എന്റെ കാര്‍ ഞാന്‍ നോക്കിയിട്ടില്ല. എനിക്കറിയാം അതിന്റെ പിന്‍സീറ്റില്‍ രക്തക്കറ ഉണ്ടാകും.

Published

|

Last Updated

കോഴിക്കോട്| ആ സമയം കൊവിഡായിരുന്നില്ല മനസ്സില്‍ മനുഷ്യ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ചിന്തയെന്ന് കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രദേശവാസിയായ ഫസല്‍ പുതിയകത്ത്. തന്റെ 32 വയസ്സിനിടെ ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരില്‍ കാണുന്നതെന്നും രക്തവും മൃതദേഹവും കൂടികലര്‍ന്ന് കിടക്കുന്ന കാഴ്ച മനസ്സ് മരവിപ്പിക്കുന്നതാണെന്നും ഫസല്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിട്ട് ശീലമുണ്ടെങ്കിലും തനിക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത സംഭവമാണിതെന്നും ഫസല്‍ കൂട്ടിചേര്‍ത്തു. സ്‌ഫോടനം പോലുള്ള ശബ്ദംകേട്ടാണ് താനും അയല്‍വാസികളും ഓടിയെത്തുന്നതും അപ്പോള്‍ കണ്ട കാഴ്ച മനസ്സ് മരവിക്കുന്നതാണെന്നും ഫസല്‍ പറയുന്നു.

വിമാനം റണ്‍വേയില്‍ നിന്ന് 10 മീറ്ററോളം തെന്നമാറി തകര്‍ന്ന് വീഴുന്നതാണ് കാണുന്നത്. പിന്നീട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ആളുകളുടെ നിലവിളികള്‍ മാത്രമാണ് അവിടെ നിന്ന് കേള്‍ക്കാനായത്. പലരും ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു. വിമാന അപകടം നടക്കുന്നതിന്റെ മോക്ക് ഡ്രില്‍ അധികൃതര്‍ നടത്തുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും യാഥാര്‍ഥ്യമായ ഒന്ന് ഇപ്പോള്‍ നേരിട്ട്് കണ്ടുവെന്നും അത് മനസ്സിനെ പിടിച്ചുലക്കുന്നുവെന്നും ഫസല്‍ പറഞ്ഞു.

ആ സമയം മനസ്സില്‍ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു അത് കഴിയുന്നത്ര ജീവന്‍ രക്ഷിക്കാനായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആ സമയം കൊവിഡിനെ കുറിച്ച് ചിന്തിച്ചില്ലെന്നും അതിലും വലുതായിരുന്നു അപകടത്തില്‍ ജിവന് വേണ്ടി നിലവിളിക്കുന്ന മനുഷ്യരെ രക്ഷിക്കുകയെന്നത്. തന്റെ കാറിലാണ് ഒരാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയലെത്തിക്കുന്ന സമയം വരെ അയാള്‍ ഭാര്യെയും കുട്ടിയെയും കുറിച്ച് ആവാലാതിപ്പെട്ട് കരയുന്നതാണ് കണ്ടത്. തനിക്ക് ഒരിക്കലും അത് മറക്കാനാവില്ല. ഹൃദയഭേദകമാണ് ആ കാഴ്ച. അതിന് ശേഷം എന്റെ കാര്‍ ഞാന്‍ നോക്കിയിട്ടില്ല. എനിക്കറിയാം അതിന്റെ പിന്‍സീറ്റില്‍ രക്തക്കറ ഉണ്ടാകും. ഫസല്‍ പറയുന്നു.

വലിയ ശബ്ദം കേട്ടാണ് താന്‍ ഓടിയെത്തുന്നതെന്ന് 34 കാരനായ ജുനൈദ് മുക്കൂട് പറയുന്നു. ആ സമയം നല്ല മഴയുണ്ടായിരുന്നു. ഇടിമിന്നലാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മനസ്സിലായത് വിമാനം തകര്‍ന്നതാണെന്ന്. തങ്ങള്‍ ഓടിയെത്തുമ്പോള്‍ പൈലറ്റുമാര്‍ വിമാനത്തിനകത്ത് കുടുങ്ങി കിടക്കുന്നതാണ് കണ്ടത്. ആദ്യം എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല.

പൈലറ്റുമാരെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും ഒരു മാര്‍ഗവുമില്ലായിരുന്നു. ട്രാക്ടറുകളും ക്രെയിനുമെത്തിയാണ് വിമാനം നീക്കിയതും മൃതദേഹം പുറത്തെടുക്കാനായതും. ദുരന്തനിവാരണ സേനയെ സഹായിക്കാന്‍ നാട്ടുകാര്‍ എല്ലാവരും ഒത്തൊരുമയോടെയാണ് ഇറങ്ങിയത്. താന്‍ രക്ഷപ്പെടുത്തിയ കുട്ടിയുടെ മേല്‍ അപ്പോഴും അവശിഷ്ടങ്ങള്‍ കുടുങ്ങിയിരുന്നു. മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും ജുനൈദ് പറയുന്നു.

Latest