Connect with us

Kerala

തട്ടിയെടുത്ത പണം സഹോദരിക്ക് ഭൂമിവാങ്ങാനും ഭാര്യക്ക് സ്വര്‍ണം വാങ്ങാനും ഉപയോഗിച്ചു, ബാക്കി വന്നത് റമ്മി കളിക്കാനും; ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിന്റെ മൊഴി പുറത്ത്

Published

|

Last Updated

തിരുവനന്തപുരം | ട്രഷറി ഓഫീസര്‍ അവധിയില്‍ പോയശേഷം ഏപ്രിലില്‍ പണം പിന്‍വലിച്ചതായി ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിന്റെ മൊഴി. ആദ്യം 75 ലക്ഷവും പിന്നീട് 2 കോടിയും പിന്‍വലിച്ചു. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാന്‍ സഹോദരിക്ക് അഡ്വാന്‍സ് നല്‍കിയെന്നും ഭാര്യക്ക് സ്വര്‍ണ്ണവും വാങ്ങിയതിന് ശേഷം ബാക്കി പണം ചീട്ടുകളിക്കാന്‍ ഉപയോഗിച്ചുവെന്നുമാണ് ബിജുലാല്‍ കേസ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.ഇതിന് പുറമെ ട്രഷറി കൗണ്ടറില്‍നിന്നും 60,000 രൂപയും മോഷ്ടിച്ചു. പരാതി കൊടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ പണം തിരികെ നിക്ഷേപിച്ചു. എന്നാല്‍ ട്രഷറി ഓഫീസര്‍ പരാതി നല്‍കാത്തതിനാല്‍ അന്ന് സംഭവം പുറത്തറിഞ്ഞില്ലെന്നും മൊഴിയിലുണ്ട്.

മുന്‍ ട്രഷറി ഓഫീസര്‍ തന്നെയാണ് യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കിയതെന്നും ബിജുലാല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു ദിവസം ട്രഷറി ഓഫീസര്‍ നേരേ വീട്ടില്‍ പോയപ്പോഴാണ് കമ്പ്യൂട്ടര്‍ ഓഫാക്കാന്‍ തനിക്ക് പാസ്‌വേഡ് പറഞ്ഞ് തന്നതെന്നും മാര്‍ച്ച് മാസത്തിലായിരുന്നു ഇതെന്നാണ് മൊഴി.

എന്നാല്‍ പാസ്വേഡ് താനാണ് നല്‍കിയതെന്ന മൊഴി ട്രഷറി ഓഫീസര്‍ നിഷേധിച്ചു. പാസ്‌വേര്‍ഡ് താന്‍ ബിജുവിന് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്‌കരന്‍ കമ്പ്യൂട്ടര്‍ ഓഫാക്കണമെങ്കില്‍ ചുമതലപ്പെടുത്തുക അഡ്മിനിസ്‌ട്രേറ്ററെയാണെന്നും വിശദീകരിച്ചു.