Connect with us

National

അശോക് ലവാസെ എ ഡി ബി വൈസ് പ്രസിഡന്റ്

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസെ ഇനി മുതൽ ഏഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്ക് (എ ഡി ബി) വൈസ് പ്രസിഡന്റ്. നിലവിലെ വൈസ് പ്രസിഡന്റ് ദിവാകർ ഗുപ്തയുടെ കാലാവധി ആഗസ്റ്റ് 31 ന് അവസാനിക്കും. പ്രൈവറ്റ് സെക്ടർ ഓപ്പറേഷൻസ് ആന്റ് പബ്ലിക്‌പ്രൈവറ്റ് പാർട്ട്ണർഷിപ്പ് വിഭാഗം വൈസ് പ്രസിഡന്റായിട്ടാണ് അശോക് ലവാസെയെ നിയമിച്ചിട്ടുള്ളത്.

2018 ജനുവരി 23 നാണ് ലവാസെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. കമ്മീഷനിൽ ഇനിയും രണ്ട് വർഷം കൂടി കാലാവധി ശേഷിക്കെയാണ് പുതിയ നിയമനം തേടിയെത്തിയത്. എന്നാൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പാനലിൽ നിന്ന് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ കമ്മീഷണറാണ് ലവാസെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നാഗേന്ദ്ര സിംഗാണ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സ്ഥാനം ഒഴിഞ്ഞ ആദ്യ വ്യക്തി. 1973ൽ കമ്മീഷണറായിരുന്ന നാഗേന്ദ്ര സിംഗിനെ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ജഡ്ജിയായി നിയമിച്ചപ്പോഴാണ് ഇങ്ങനെയൊരു തീരുമാനം അദ്ദേഹം കൈക്കൊണ്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷണർ ആകുന്നതിന് മുമ്പ് , കേന്ദ്ര ധനമന്ത്രാലയം സെക്രട്ടറി അടക്കം വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ച ലവാസെ ഓസ്‌ട്രേലിയയിലെ സതേൺ ക്രോസ് യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് എം ബി എ ബിരുദം നേടിയത്.

പ്രധാനമന്ത്രിക്കും ബി ജെ പി അധ്യക്ഷനായിരുന്ന അമിത് ഷാക്കുമെതിരെ ശക്തമായ നിലപാട് എടുത്തതോടെ കേന്ദ്രത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തിൽ മോദിക്കും ഷാക്കും ക്ലീൻ ചിറ്റ് നൽകുന്നതിനെ അശോക് ലവാസെ എതിർത്തിരുന്നു. ഇത് ബി ജെ പി നേതൃത്വത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു.