Connect with us

International

ഉസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് ഇംറാന്‍ ഖാന്‍

Published

|

Last Updated

ഇസ്ലാമാബാദ് | അമേരിക്കന്‍ സേന വധിച്ച അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനെ ശഹീദ് (രക്തസാക്ഷി) എന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പാര്‍ലിമെന്റ് സമ്മേളനത്തിലെ പ്രസംഗത്തിലാണ് ഇംറാന്‍ ഖാന്‍ ഇങ്ങനെ വിശേഷിപ്പിച്ചത്.

അമേരിക്കയുമായുള്ള പാക്കിസ്ഥാന്റെ ബന്ധം വിവരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. അഫ്ഗാന്‍ യുദ്ധത്തില്‍ കലവറയില്ലാത്ത പിന്തുണ അമേരിക്കക്ക് നല്‍കിയിട്ടും നിരവധി അപമാനങ്ങള്‍ പാക്കിസ്ഥാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രാജ്യത്ത് കടന്നുകയറി ബിന്‍ ലാദനെ കൊന്ന സൈനിക നടപടി പാക്കിസ്ഥാനെ ഞെട്ടിച്ചു. അമേരിക്കക്കാര്‍ അബട്ടാബാദില്‍ കടന്നുവരികയും കൊല്ലുകയും ചെയ്തു. അങ്ങനെ ഉസാമ ബിന്‍ ലാദന്‍ രക്തസാക്ഷിയായി. ഇങ്ങനെയായിരുന്നു ഇംറാന്റെ പ്രസംഗം.

അതിന് ശേഷം ലോകം മുഴുവന്‍ പാക്കിസ്ഥാനെ ശപിക്കുകയും നമുക്കെതിരായി സംസാരിക്കുകയും ചെയ്തു. നമ്മെ അറിയിക്കാതെയാണ് സഖ്യകക്ഷിയായ അമേരിക്ക കടന്നുകയറിയത്. അഫ്ഗാന്‍ യുദ്ധത്തില്‍ 70000 പാക്കിസ്ഥാനികള്‍ കൊല്ലപ്പെട്ടു. വിദേശത്തുള്ള പാക്കിസ്ഥാനികള്‍ക്കും അപമാനം നേരിടേണ്ടി വന്നുവെന്നും ഇംറാന്‍ പറഞ്ഞു.

ഇംറാന്റെ രക്തസാക്ഷി പരാമര്‍ശത്തില്‍ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പാക്കിസ്ഥാനിലേക്ക് തീവ്രവാദം കൊണ്ടുവന്നത് ബിന്‍ ലാദനാണെന്നും അയാള്‍ എപ്പോഴും ഭീകരവാദി തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ഖാജ ആസിഫ് പറഞ്ഞു. ഭീകരവാദിയെയാണ് ശഹീദെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest