Connect with us

National

രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും ഒരാള്‍ക്കും കൈയേറാന്‍ കഴിയില്ല: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും ഒരാള്‍ക്കും കൈയേറാന്‍ കഴിയില്ലെന്നും അതിനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഒരാളും പ്രവേശിക്കുകയോ ഇന്ത്യയുടെ പോസ്റ്റുകള്‍ പിടിച്ചടക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗാല്‍വാന്‍ വാലിയില്‍ 20 ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയാക്കിയ ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ മേല്‍ കണ്ണുണ്ടായിരുന്നവരെ ജവാന്മാര്‍ പാഠം പഠിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ കാത്തുസംരക്ഷിക്കാന്‍ നമ്മുടെ സൈനികര്‍ വേണ്ടതെല്ലാം ചെയ്യും. നമ്മുടെ ഭൂപ്രദേശത്ത് ഒരിഞ്ചില്‍  കണ്ണുവെക്കാമെന്ന് ചിന്തിക്കാന്‍ പോലും ആര്‍ക്കും സാധിക്കാത്ത വിധമുള്ള ശേഷി ഇന്ന് നമുക്കുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ പട്രോളിംഗ് വര്‍ധിപ്പിച്ച് രാജ്യം കൂടുതല്‍ ജാഗ്രത്തായിട്ടുണ്ട്. മേഖലയില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അറിയാനും സാധിക്കും. സമാധാനവും സൗഹൃദവും തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം പരമാധികാരം പരമ പ്രധാനമാണ്. നിയന്ത്രണ രേഖയിലെ ചൈനയുടെ ചെയ്തി രാജ്യത്തെ ഒന്നടങ്കം വേദനിപ്പിച്ചിട്ടുണ്ട്. വിന്യാസമാകട്ടെ പ്രവര്‍ത്തനമാകട്ടെ അതിക്രമത്തെ തടയലാകട്ടെ, രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം നമ്മുടെ സൈന്യം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലഡാക്കിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് അവസാന നിമിഷം പോലും രാജ്യത്തെ ഇരുട്ടില്‍ നിര്‍ത്തിയതിനെ സര്‍വകക്ഷിയോഗത്തില്‍ അതിനിശിതമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിമര്‍ശിച്ചിരുന്നു. അതേസമയം, വളരെ പെട്ടെന്നാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എപ്പോഴുമുള്ളതുപോലെ, രാജ്യത്തിന്റെ അഖണ്ഡത പരിപാലിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ ശക്തമായി പിന്തുണക്കുന്നതായും അവര്‍ പറഞ്ഞു. ഇന്റലിജന്‍സ് പരാജയമുണ്ടായോയെന്ന ചോദ്യമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനാര്‍ജി പ്രധാനമായും ഉന്നയിച്ചത്. സര്‍വകക്ഷിയോഗം രാജ്യത്തിനുള്ള നല്ല സന്ദേശമാണെന്നും മമത ചൂണ്ടിക്കാട്ടി. അതേസമയം, യോഗത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളും സര്‍ക്കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാത്രി കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. 76 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വേലിക്കമ്പികള്‍ ചുറ്റിയ ഇരുമ്പ് ദണ്ഡുകളും കല്ലുകളും വടിയും ഉപയോഗിച്ചാണ് ചൈനീസ് സൈനികര്‍ ആക്രമിച്ചത്. ഇരുസൈനികരും തോക്ക് ഉപയോഗിച്ചിരുന്നില്ല. സംഘര്‍ഷത്തില്‍ ചൈനീസ് ഭാഗത്തും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചൈനയുടെ 43 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തു.

Latest