Connect with us

Kerala

വയനാട്ടില്‍ കെണിയില്‍നിന്നും രക്ഷപ്പെട്ട പുലിയെ മയക്ക് വെടി വെച്ച് പിടികൂടി; സ്ഥലം ഉടമ അറസ്റ്റില്‍

Published

|

Last Updated

മൂലങ്കാവ് പള്ളിപ്പടിയിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി

സുല്‍ത്താന്‍ ബത്തേരി: ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കെണിയില്‍നിന്നും രക്ഷപ്പെട്ട പുള്ളിപുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച് പിടികൂടി. ഞായറാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കെണിയില്‍ കുടുങ്ങുകയും പിന്നീട് മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമത്തിന്നിടെ കെണിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്ത പുലിയെയാണ് മൂലങ്കാവ് പഴിനനഗറില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് വെച്ച് മയക്കുവെടിവെച്ച് പിടികൂടിയത്.

നാലുവയസ്സുള്ള ആണ്‍പുലിയെയാണ് മയക്കുവെടിവെച്ച പിടികൂടിയത്.ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മൂലങ്കാവ് പള്ളിപ്പടിയില്‍ നിന്നും മുന്നൂറ് മീറ്റര്‍ മാറി കൊപ്പപറമ്പില്‍ എലീയാസിന്റെയും വിജിഷിന്റെയും കൃഷിയിടങ്ങളുടെ അതിര്‍ത്തിയിലായാണ് പുലിയെ കെണിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. പുലിയെ മയക്കുവെടിവെച്ച് പിടികൂടി കെണിയില്‍ നിന്ന് രക്ഷപ്പെടുത്തി വിടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് പുലി കെണി തകര്‍ത്ത് തൊട്ടടുത്ത കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞത്.

രാവിലെ നായ്ക്കള്‍ തുടര്‍ച്ചയായി കുരക്കുന്നത് കേട്ട് ഏലിയാസിന്റെ ഭാര്യ പ്രസന്ന തോട്ടത്തിലേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് കുരുക്കില്‍ കുടുങ്ങിയ നിലയില്‍ പുലിയെ കണ്ടത്. ഉടന്‍ വിവിരം വീട്ടിലുള്ളവരെയും അല്‍ക്കാരെയും അറിയിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. വയനാട് വന്യജീവി മേധാവി പി.കെ ആസിഫിന്റെയും, സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരുടെയും നേതൃത്വത്തിലുള്ള വനപാലക സംഘവും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പൊലിസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആളുകള്‍ പുലിയുടെ സമീപത്തേക്ക്് പോകുന്നത് നിയന്ത്രിക്കുകയും ചെയ്തു.

തുടര്‍ന്ന് പുലിയെ മയക്കുവെടിവെച്ച് പിടികൂടി വനത്തില്‍ വിടാനും തീരുമാനിച്ചു. പുലിയെ മയക്കുവെടിവച്ചു പിടികൂടുന്നതില്‍ വിദഗ്ധനായ ഡോക്ടര്‍ അരുണ്‍ സക്കറിയ നിലമ്പൂരിലായതിനാല്‍ അദ്ദേഹം എത്തിയച് ഉച്ചക്ക് ഒന്നേമുക്കലോടെയാണ്. തുടര്‍ന്ന് മരുന്നുനിറച്ച തോക്കുമായി മയക്കുവെടിവെക്കുന്നതിനായി പുലിയുടെ 10 മീറ്റര്‍ അടുത്ത് വരെ എത്തിയപ്പോഴെക്കും പുലി ഒറ്റകുതിപ്പിന് കെണിപൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കെണിയില്‍ നിന്നും രക്ഷപ്പെട്ട പുലി തൊട്ടടുത്ത കര്‍ഷകരുടെ കൃഷിയിടത്തിലേക്കാണ് ഓടിമറഞ്ഞത്. സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലേക്ക് ഓടിമറഞ്ഞ പുലി റോഡ് മുറിച്ച് വനമേഖലയിലേക്ക് നീങ്ങിയതിന്റെ യാതൊരു ലക്ഷണവുംകണ്ടില്ല.

മണിക്കുറുകളോളം കെണിയില്‍ കുടുങ്ങി കിടന്നതിന്റെ ക്ഷീണം കാരണം അധികം ദൂരെക്ക് പുലി പോയിട്ടുണ്ടാകുകയില്ലെന്നായിരുന്നു വനപലകരുടെ അഭിപ്രായം. പന്നീട് വനംവകുപ്പ് കൂടുതല്‍ ഫോഴ്‌സിനെയെത്തി്ച്ച് രണ്ട് സംഘങ്ങളായി തിരിഞ്ഞുനടത്തിയ തിരച്ചിലില്‍ അഞ്ചുമണിയോടെ പുലിയെ മൂലങ്കാവ് പഴശ്ശിനഗര്‍ വടച്ചിറയ്ക്ക് സമീപം് കണ്ടെത്തി.

വലിയപൊന്തക്കാട്ടിലാണ് കണ്ടെത്തിയത് എന്നതിനാല്‍ വലഉപയോഗിച്ച് പിടികൂടാനാണ് ശ്രമം നടത്തിയത്. എന്നാല്‍ അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും പുലി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പുലി പുറത്തേക്ക് ചാടുന്നത് കണ്ട്, ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്നിടെ ഒരു ട്രൈബല്‍ വാച്ചര്‍ക്ക് വീണ് പരുക്കേല്‍ക്കുകയും ചെയതു. ഇയാളെ ആശുപത്രിയില്‍ പ്രവേശി്പിച്ചു.

അതേ സമയം രണ്ടാമതും പുലി രക്ഷപ്പെട്ടതോടെ പ്രദേശവാസികള്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. രാവിലെ കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവെക്കാന്‍ ശ്രമിക്കാതെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണന്ന ആരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പോലിസെത്തി രംഗം ശാന്തമാക്കി. പിന്നീട് മൂന്നോട്ട് ഓടിയ പുലിയെ മുന്നൂറ് മീറ്റര്‍ ദൂരം പോയപ്പോഴേക്കും മയക്കുവെടിവെച്ച് പിടികൂടി. രണ്ട് തവണ മയക്കുവെടിവെച്ചതായാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്ന്് കൂട്ടിലാക്കി പുലിയെ സുല്‍ത്താന്‍ ബത്തേരി വയനാട് വന്യജീവി സങ്കേതം മേധാവിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. പുറമെ പരുക്കുകള്‍ ഇല്ലയെന്നാണ് വനംവകുപ്പ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റര്‍ ഇന്ന് സ്ഥലത്തെത്തിയതിനുശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ സ്ഥലമുടയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് കൊപ്പ പറമ്പില്‍ ഏലിയാസ് (56) ആണ് അസ്റ്റിലായത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പുലി കെണിയില്‍ കുടുങ്ങിയ സ്ഥലത്ത് നിന്നും അഞ്ച് കെണി കൂടി ലഭിച്ചതായും ഓട്ടോറിക്ഷയുടെ കേബിള്‍ ഉപയോഗിച്ചാണ് കെണി ഉണ്ടാക്കിയതെന്നും സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ പറഞ്ഞു

Latest