Connect with us

Covid19

ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ ശ്രമം ഊര്‍ജിതം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഉത്തരേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമം നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 1200 ഓളം വിദ്യാര്‍ഥികളെ നോണ്‍ സ്റ്റോപ്പ് ട്രെയിനില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അവിടെയെത്തി യാത്രതിരിക്കാം. ഇതിനായി റെയില്‍വേ വകുപ്പുമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഡല്‍ഹി ജാമിഅ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളോട് മെയ് 15-നകം ഹോസ്റ്റല്‍ ഒഴിയണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അവിടെ പെണ്‍കുട്ടികളടക്കം 40 പേരാണുള്ളത്. ഡല്‍ഹി- 723, പഞ്ചാബ്- 348, ഹരിയാന- 89, ഹിമാചല്‍ പ്രദേശ്- 17 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. ട്രെയിന്‍ അനുവദിക്കുന്ന തീയതി ലഭിച്ചാല്‍ അതിനനുസരിച്ച് വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ എത്തിക്കാന്‍ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായും ആശയവിനിമയം നടത്തിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Latest