Connect with us

Covid19

അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രക്ക് കേന്ദ്രം ഒരു രൂപ പോലും നല്‍കുന്നില്ല; കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം |  അതിഥി തൊഴിലാളികളുടെ യാത്രാക്കൂലിയുടെ 85 ശതമാനം കേന്ദ്ര സര്‍ക്കാറാണ് വഹിക്കുന്നതെന്ന ബി ജെ പി നേതാക്കളുടെ പ്രചാരണം പച്ചക്കള്ളമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യാത്രകൂലി പൂര്‍ണമായും വഹിക്കുന്നത് തൊഴിലാളികള്‍ തന്നെയാണ്. കേരളത്തിന് ഇതുവരെ പോയ എല്ലാ തൊഴിലാളികളും സ്വന്തം നിലക്ക് ടിക്കറ്റ് എടുത്താണ് നാട്ടിലേക്ക് മടങ്ങിയത്. കേന്ദ്രം 85 ശതമാനം ചെലവാക്കുന്നുവെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞ് നടക്കുന്നത് ട്രെയ്‌നിന്റെ വിലയാകുമെന്നും കടകംപള്ളി പരിഹസിച്ചു. യാത്രക്കായി ട്രെയിന്‍ അനുവദിക്കുക മാത്രമാണ് കേന്ദ്രം ചെയ്തത്. സംസ്ഥാനവും അതിഥി തൊഴിലാളികളുടെ ടിക്കറ്റിന് പണം നല്‍കുന്നില്ല. അതിഥി തൊഴിലാളികളെ വില കുറച്ച് കാണേണ്ട. അവരുടെ പക്കല്‍ പണമുണ്ട്. കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കുടിയേറ്റ തൊഴിലാളികളുടെ യാത്രനിരക്കിന്റെ 85 ശതമാനം കേന്ദ്ര സര്‍ക്കാറാണ് വഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബി ജെ പി ദേശീയ വാക്താക്കള്‍ പറഞ്ഞിരുന്നു. ബാക്കി 15 ശതമാനം സംസ്ഥാന സര്‍ക്കാറുകളും വഹിക്കുന്നുവെന്നായിരുന്നു വാദം. കെ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ ഇത് ഏറ്റെടുക്കുകയുമുണ്ടായി. കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്ന സോണിയ ഗാന്ധിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു ബി ജെ പിയുടെ വിശദീകരണം.ബി ജെ പി നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് കടകംപള്ളി നല്‍കിയത്.