Connect with us

Covid19

തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായുള്ള നോര്‍ക്ക സംവിധാനത്തില്‍ രജിസ്‌ട്രേഷന്‍ പ്രവാഹം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19ന്റെ സാഹചര്യത്തില്‍ നാട്ടിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്ട്രേഷന്‍ പ്രവാഹം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാവില്ലെന്നും അതുകൊണ്ടു തന്നെ രജിസ്ട്രേഷന് പ്രവാസികള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും നോര്‍ക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും തിങ്കളാഴ്ച രാവിലെ 11 മണി വരെ 1,65,630 പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യു എ ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രജിസ്റ്ററേഷന്‍- 65,608. സഊദി അറേബ്യ (20,755), ഖത്വര്‍ -18,397, കുവൈത്ത്- 9626, ഒമാന്‍- 7286, ബഹ്‌റൈന്‍ (3451), മാലദ്വീപ് (1100), ബ്രിട്ടന്‍ (1342), യു എസ് എ (965), റഷ്യ (563), യുക്രൈന്‍ (550) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസകാലാവധി പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണനയെന്നാണ് നോര്‍ക്കയുടെ അറിയിപ്പില്‍ പറഞ്ഞിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാകും നടപടിക്രമങ്ങള്‍.
അടുത്തമാസം മുതലാണ് മുന്‍ഗണനാ ക്രമത്തില്‍ പ്രവാസികളെ എത്തിക്കുക. കൊവിഡ് 19 പരിശോധന നെഗറ്റീവാകുന്നവര്‍ക്ക് മാത്രമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കൂ. നാട്ടിലെത്തായാലും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിരീക്ഷണത്തില്‍ കഴിയേണ്ടതായി വരും. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. രണ്ടുലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

www.norkaroots.net എന്ന വെബ്‌സ്‌റ്റൈലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന് www.registernorkaroots.org എന്ന ലിങ്കും സന്ദര്‍ശിക്കാവുന്നതാണ്. രജിസ്‌ട്രേഷനു പുറമെ കൊവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. പ്രവാസികളെ തിരിച്ചെത്തിക്കുന്ന നടപടിയുടെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരുന്നു. സന്ദര്‍ശക വിസയില്‍ പോയി വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ കണക്ക് വിദേശകാര്യ മന്ത്രാലയം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

 

 

Latest