Connect with us

Covid19

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലക്ക് പ്രത്യേക ആക്ഷന്‍ പ്ലാന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചതിന് പുറമെ ഏഴ് പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 215 ആയി ഉയര്‍ന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ള രണ്ട് പേരുടെ വീതം പരിശോധന ഫലം നെഗറ്റീവാണ്. 163129 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 162471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 150 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 7485 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6381 സാമ്പിളുകള്‍ നെഗറ്റീവ് ഫലം രേഖപ്പെടുത്തി.

ലാബുകളില്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാന്‍ തുടങ്ങിയതായും ടെസ്റ്റിംഗില്‍ നല്ല പുരോഗതി ഉണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിസര്‍ട്ട് ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ രോഗികളുള്ള കാസര്‍കോട് ജില്ലക്ക് വേണ്ടി കൂടുതല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പഞ്ചായത്ത് തല ഡാറ്റ എടുത്ത് പെട്ടെന്ന് തന്നെ ടെസ്റ്റിന് അയക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയ്യാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളജിലെ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങും. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ ടെസ്റ്റിംഗിനുള്ള അനുമതി ഐസിഎംആറില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. മാസ്‌കുകളുടെ കാര്യത്തില്‍ ദൗര്‍ലഭ്യമില്ല. എന്‍95 മാസ്‌ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്ക് മാത്രം മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിസാമുദ്ദീനില്‍ നടന്ന തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്ക് രോഗബാധ ഉണ്ടോ എന്ന് പരിശോധന നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന പോലിസ് നടത്തുന്നുണ്ട്. ബന്ധപ്പെട്ട ജില്ലകളില്‍ മുന്‍പകരുതല്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

---- facebook comment plugin here -----

Latest