Connect with us

National

കുതിരക്കച്ചവടത്തെ തടയാനായില്ല; വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജിക്കൊരുങ്ങി കമല്‍നാഥ്

Published

|

Last Updated

ഭോപ്പാല്‍ | രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വേദിയായ മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രി കമല്‍നാഥ് രാജിക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വെള്ളിയാഴച രാവിലെ കമല്‍നാഥ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശ്വാസ വോട്ടെടുപ്പിനെ മറികടക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് രാജിനീക്കം. നാളെ ഔദ്യോഗിക വസതിയില്‍ അദ്ദേഹം മാധ്യമങ്ങളെ കാണും.

ബിജെപി നടത്തിയ കരുനീക്കത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ അസ്ഥിരത രൂപപ്പെട്ടത്. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് എന്ന ആവശ്യവുമായി ബിജെപി ഗവര്‍ണറെ സമീപിക്കുകയായിരുന്നു. ഈ തര്‍ക്കം പിന്നീട് സുപ്രിം കോടതിയിലെത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസവോട്ടെടുപ്പ് നടത്താനാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.

എംഎല്‍എമാരില്‍ ആറ് പേരുടെ രാജി മാത്രമാണ് സ്പീക്കര്‍ സ്വീകരിച്ചത്. ബാക്കി 16 പേര്‍ക്ക് സഭയിലെത്താന്‍ പോലീസ് സംരക്ഷണം നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ആറുപേരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ മധ്യപ്രദേശ് നിയമസഭയില്‍ 222 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 112 സീറ്റ് വേണം. ബി.ജെ.പി.ക്ക് ഇപ്പോള്‍ 107 പേരുടെ പിന്തുണയാണുള്ളത്.

വിമതരായ 16 പേരെക്കൂടി കൂട്ടിയാല്‍ കോണ്‍ഗ്രസ്സിന് 108 അംഗങ്ങളുണ്ടാകും. എന്നാല്‍ അവരുടെ രാജിയും സ്പീക്കര്‍ക്ക് സ്വീകരിക്കേണ്ടിവന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആയി ചുരുങ്ങും.

Latest