Connect with us

Editorial

ഇന്ധനവിലക്കുറവിന്റെ ഗുണം ഇത്തവണയുമില്ല

Published

|

Last Updated

അസംസ്‌കൃത എണ്ണകൾക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കാണ് ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ. പെട്രോൾ ഉത്പന്നങ്ങളുടെ വിലക്കുറവിലൂടെ ആഗോള ജനത ഇതിന്റെ ഗുണം അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ്. എന്നാൽ, ഇന്ത്യൻ ജനതക്ക് ഈ നേട്ടം നിഷേധിക്കുകയാണ് സർക്കാർ. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുത്തനെ ഉയർത്തി വിജ്ഞാപനം ഇറക്കിയിരിക്കയാണ് ഇന്നലെ മോദി സർക്കാർ. എണ്ണവിലയിടിവിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യമാകാതെ അതു പൊതുഖജനാവിന് മുതൽക്കൂട്ടാകുമെന്നതാണ് ഇതിന്റെ ഫലം. പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക എക്‌സൈസ് തീരുവ രണ്ട് രൂപ വീതമാണ് വർധിപ്പിച്ചത്. കൂടാതെ, രണ്ടിന്റെയും റോഡ് സെസും രണ്ട് രൂപ വീതം കൂട്ടി.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ മുഖ്യപ്രചാരണം യു പി എ ഭരണകാലത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവായിരുന്നു. പെട്രോളിന്റെ വില വർധനക്ക് കാരണം മൻമോഹൻ സർക്കാറിന്റെ പിടിപ്പുകേടും എണ്ണക്കമ്പനികളുമായുള്ള ഒത്തുകളിയുമാണെന്ന് കുറ്റപ്പെടുത്തിയ മോദിയും ബി ജെ പി നേതൃത്വവും തങ്ങൾ വന്നാൽ വില 40 രൂപക്ക് താഴേക്ക് കൊണ്ടു വരുമെന്നു വാഗ്ദാനം ചെയ്താണ് അധികാരത്തിലേറിയത്. എന്നാൽ വില നിയന്ത്രണം ഉണ്ടായില്ലെന്നു മാത്രമല്ല, ഡീസലിന്റെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്ത് കൂടുതൽ വലിയ വിലവർധനവിന് വഴിയൊരുക്കുകയും ചെയ്തു. (പെട്രോളിന്റെ വില നിയന്ത്രണാധികാരം 2010 ജൂണിൽ യു പി എ ഭരണ കാലത്ത് എണ്ണക്കമ്പനികൾക്കു വിട്ടുകൊടുത്തിരുന്നു) പിന്നീട് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞപ്പോഴെല്ലാം എക്‌സൈസ് തീരുവ അടിക്കടി വർധിപ്പിച്ചു വിലക്കുറവിന്റെ ഗുണം ജനങ്ങൾക്ക് നിഷേധിക്കുകയും ചെയ്തു. ഒന്നാം മോദി സർക്കാറിന്റെ ഭരണ കാലത്ത് 11 തവണയാണ് നികുതി വർധിപ്പിച്ചത്.

ഇതിനെതിരെ ജനവികാരം ഉയർന്നപ്പോൾ, എണ്ണക്ക് അന്താരാഷ്ട്ര കമ്പോളത്തിൽ വില വർധിക്കുമ്പോൾ എക്‌സൈസ് നികുതി കുറച്ചു വില ക്രമീകരിക്കുകയും അതുവഴി ജനങ്ങളെ വിലവർധനവിന്റെ ഭാരത്തിൽ നിന്ന് രക്ഷിക്കുമെന്നു പറഞ്ഞാണ് പ്രതിഷേധം തണുപ്പിച്ചത്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നപ്പോൾ ഈ വാഗ്ദാനം സർക്കാർ അപ്പടി മറന്നു. ഇന്ധന വില വർധനവിനെക്കുറിച്ചു ചോദ്യമുയരുമ്പോൾ, വില നിയന്ത്രിക്കേണ്ടത് സർക്കാറല്ലെന്നും എണ്ണക്കമ്പനികളാണെന്നുമായിരിക്കും മറുപടി.

അതേസമയം, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2018ലെ കർണാടക തിരഞ്ഞെടുപ്പ്, 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് തുടങ്ങി രാഷ്ട്രീയമായി ജനപിന്തുണ ആവശ്യം വന്ന ഘട്ടങ്ങളിലെല്ലാം ഇന്ധനവില വർധിപ്പിക്കാതിരിക്കാൻ എണ്ണക്കമ്പനികളുമായി രഹസ്യധാരണയിലെത്തുകയുണ്ടായി സർക്കാർ. തിരഞ്ഞെടുപ്പിനു പിന്നാലെ ഉപഭോക്താക്കളുടെ കഴുത്തും കത്തിയും കമ്പനികളെ ഏൽപ്പിക്കുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു കൊണ്ടിരിക്കെയാണ് കഴിഞ്ഞ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പ്രധാന എണ്ണക്കമ്പനികളൊന്നും തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വർധിപ്പിച്ചതേയില്ല. വോട്ടെടുപ്പ് അവസാനിച്ചതോടെ വില കുത്തനെ ഉയരുകയും ചെയ്തു. ജനങ്ങളെ കബളിപ്പിക്കുകയും വിഡ്ഢികളാക്കുകയും ചെയ്യുന്ന നിലപാടാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എന്നും അനുവർത്തിച്ചു വരുന്നത്.

ഒന്നാം മോദി സർക്കാർ അധികാരമേറ്റ 2014-15ൽ 1,05,653 കോടി രൂപയായിരുന്നു പെട്രോൾ, ഡീസൽ നികുതിയിൽ നിന്ന് സർക്കാറിനു ലഭിച്ചിരുന്ന വരുമാനം. 2015-16ൽ അത് 1,85,958 കോടിയായും 2016-17ൽ 2,53,254 കോടിയായും വർധിച്ചു. 2018-19ൽ 2,57,850 കോടിയാണ് ഈയിനത്തിലെ വരുമാനം. ഇതിനു പുറമേ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭത്തിന്റെ വലിയൊരു വിഹിതവും സർക്കാറിനു ലഭിക്കുന്നുണ്ട്. ആഗോളതലത്തിൽ എണ്ണ നികുതി വഴി ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എണ്ണയുടെ എക്‌സൈസ് നികുതിയിലൂടെ ഇത്രയും വലിയൊരു സംഖ്യ പൊതുഖജനാവിലേക്ക് എത്തിയിട്ടും ഭരണ രംഗത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു ശമനവുമില്ല. കിട്ടുന്ന പണത്തിൽ നല്ലൊരു പങ്കും പ്രതിമാ നിർമാണം പോലുള്ളവക്ക് ഉപയോഗപ്പെടുത്തിയാൽ ഒരു കാലത്തും തീരുകയില്ലല്ലോ സാമ്പത്തിക മാന്ദ്യം.
ലോകത്തിലെ ഏറ്റവും മികച്ച എണ്ണ ശുദ്ധീകരണ സംഭരണ ശാലകൾ ഇന്ത്യക്കുണ്ട്. കുറഞ്ഞ വിലക്ക് എണ്ണ ശുദ്ധീകരിക്കാനും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും രാജ്യത്തിനു സാധിക്കും. ജനക്ഷേമ പ്രതിബദ്ധതയുള്ള ഒരു നല്ല ഭരണകൂടം ചെയ്യേണ്ടത് ഇതാണ്. അല്ലാതെ ജനക്ഷേമത്തിന്റെ പേരും പറഞ്ഞു നികുതി പിരിച്ചെടുത്ത് ഉത്പാദനക്ഷമതയില്ലാത്ത മേഖലക്കായി വിനിയോഗിക്കുകയല്ല. രാജ്യത്തിനാവശ്യമായ ഇന്ധനത്തിൽ 20 ശതമാനം മാത്രമാണ് ആഭ്യന്തര ഉത്പാദനം. 80 ശതമാനത്തോളം ഇറക്കുമതിയാണ്. കാറ്റും സൂര്യപ്രകാശവും വേണ്ടുവോളം ലഭിക്കുന്ന നമ്മുടെ രാജ്യത്ത് ഊർജത്തിനു ബദൽ പദ്ധതികൾക്ക് പല സാധ്യതകളുമുണ്ട്. ഇവ നടപ്പാക്കിയാൽ ഇന്ധനത്തിന് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാക്കാനും കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ഇന്ധനം നൽകാനും സാധിക്കും. ചില സംസ്ഥാനങ്ങൾ ഒറ്റപ്പെട്ട നിലയിൽ നടപ്പാക്കിയതൊഴിച്ചാൽ ദേശീയാടിസ്ഥാനത്തിൽ അതു നടപ്പാക്കുന്നതിനുള്ള ഒരു നീക്കവും രാജ്യത്തിന്നോളം ഭരിച്ച സർക്കാറുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മറിച്ച്, പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ടു സാധാരണക്കാരായ ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന കടുത്ത ജനദ്രോഹപരമായ നയങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ എക്‌സൈസ് നികുതി വർധനവും.

Latest