Connect with us

Kerala

കൊറോണ: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൊറോണ (കോവിഡ് 19) ബാധിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. അസുഖം പടര്‍ന്ന രാജ്യങ്ങളില്‍ നിന്ന് എത്തിയിട്ടുള്ളവര്‍ ഉടന്‍തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ബന്ധപ്പെടണം.

കൊറോണ വ്യാപിച്ചിട്ടുള്ള ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ പരിശോധനക്കു വിധേയരാക്കും. ഇവിടങ്ങളില്‍ നിന്നെത്തുന്ന യാത്രികരെ കുറിച്ച് അറിയാവുന്നവരും വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍നിന്നും എത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്ന് പേര്‍ക്കും നാട്ടിലുള്ള ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇറ്റലിയില്‍നിന്നും എത്തിയവരില്‍നിന്നാണ് ബന്ധുക്കളായ രണ്ട് പേര്‍ക്ക് രോഗം ബാധിച്ചതെന്നും മന്ത്രി പറഞ്ഞു. അഞ്ച് പേരും ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം 29നാണ് ഇവര്‍ ഇറ്റലിയില്‍ നിന്നും എത്തിയത്. എന്നാല്‍, ഇവര്‍ ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. ചികിത്സയുമായി സഹകരിക്കാനും തയാറായില്ല.

വൈറസ് ബാധിതമായ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചതും കൊറോണ ലക്ഷണങ്ങളുള്ള അസുഖ വിവരങ്ങളും മറച്ചുവച്ച് സംസ്ഥാനത്ത് സഞ്ചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ പരിശോധനക്ക് തയ്യാറാകാതെ മുങ്ങിയ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്നും പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ കഴിയുകയും രോഗമുള്ള രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുകയും ചെയ്തവര്‍ വിവരങ്ങള്‍ ഒളിച്ചുവെക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നത് ഉള്‍പ്പടെയുളള കര്‍ശന നടപടി സ്വീകരിക്കും.