Connect with us

Covid19

സഊദിയില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു; രോഗം ഇറാന്‍ സന്ദര്‍ശിച്ച സഊദി പൗരന്

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ വൈറസ് സഥിരീകരിച്ചു. ഇറാനില്‍ പോയി ബഹ്‌റൈന്‍ വഴി നാട്ടില്‍ തിരിച്ചെത്തിയ സ്വദേശി പൗരനാണ് രോഗം ബാധിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രോഗം ബാധിച്ചയാള്‍ താന്‍ ഇറാന്‍ സന്ദര്‍ശിച്ചിരുന്നതായി സൗദി തുറമുഖത്ത് നടത്തിയ പരിശോധനയില്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായി കോവിഡ് 19 ബാധിച്ച വ്യക്തിക്കൊപ്പം ഇയാളും ഉണ്ടായിരുന്നതായാണ് വിവരം.

ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടയാളും ഇറാന്‍ സന്ദര്‍ശിച്ചതായി വെളിപ്പെടുത്താതെ ബഹ്‌റൈന്‍ വഴി സഊദിയില്‍ എത്തുകയായിരുന്നു. സമാനമായ രീതിയിലാണ് രണ്ടാമത്തെയാളും രാജ്യത്ത് എത്തിയത്.

വൈറസിന്റെ വ്യാപനം നിരീക്ഷിക്കാനും തടയാനും എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്ന് മന്ത്രാലയം ഉറപ്പ് നല്‍കി. രണ്ടാമതായി രോഗം സ്ഥിരീകരിക്കപ്പെട്ടയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാ ആളുകളില്‍ നിന്നും സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. സൗദി സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ ലബോറട്ടറിയില്‍ ഈ സ്രവങ്ങള്‍ പരിശോധന നടത്തിയ ശേഷമേ ഫലം ലഭ്യമാകൂ.

വൈറസിനെക്കുറിച്ചുള്ള ഏത് ചോദ്യത്തിനും 937 നമ്പറില്‍ ബന്ധപ്പെടാന്‍ മന്ത്രാലയം എല്ലാ ആളുകളോടും ആവശ്യപ്പെട്ടു. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ ജനങ്ങള്‍ കണക്കിലെടുക്കാവൂവെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Latest